തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിലെ ഏകമകൾക്ക് വിടയോതാൻ ഇന്നലെ ഒഴുകിയെത്തിയത് ആയിരങ്ങൾ. ഗോകുൽനാഥൻ - വരദാദേവി ദമ്പതികളുടെ ഏകമകളായിരുന്നു അവിനാശി ദുരന്തത്തിൽ മരിച്ച ഗോപിക (23).
കോയമ്പത്തൂരിൽ നിന്നും രാത്രി തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. പുലർച്ചെ മുതലേ വൻ ജനാവലി ഇവിടെ കാത്തുനിന്നു. ഗോകുൽനാഥും വരദയും മകളുടെ ചേതനയറ്റ ശരീരം കണ്ട് വാവിട്ടു കരഞ്ഞു. ഹൈക്കോടതി ജീവനക്കാരിയാണ് വരദ.
ഹൈക്കോടതി ജസ്റ്റിസുമാരായ എസ്.പി ചാലി, ദേവൻ രാമചന്ദ്രൻ, സി.ടി രവികുമാർ, അനിൽ കെ.നരേന്ദ്രൻ, കെ.ഹരിലാൽ, ദാമ ശേഷാദ്രിനായിഡു, വി.ഷേർസി, റിട്ട. ജസ്റ്റിസ്റ്റ് ഹേമ, ഹൈൈക്കോടതി രജിസ്ട്രാർ ജനറൽ ഹരി ബാൽ, രജിസ്ട്രാർ അനിത, ഹൈബി ഈഡൻ എം.പി, എം.സ്വരാജ് എം.എൽ.എ, മുൻ മന്ത്രി കെ.ബാബു, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. പത്തരയോടെ തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഗോപികയുടെ അമ്മാവന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഒരു വർഷം മുൻപ് കാക്കനാട് മോഡൽ എൻജിനിയറിംഗ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയ ഗോപികയ്ക്ക് കാമ്പസ് റിക്രൂട്ട്മെന്റിലൂടെയാണ് ബംഗളൂരുവിലെ അൽഗോ എംബഡഡ് സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ലഭിച്ചത്. എല്ലാ ആഴ്ചകളിലും രണ്ടു ദിവസത്തെ അവധിക്കു വരുന്നതായിരുന്നു പതിവ്.
ആദ്യം ശിവരാത്രി അവധിക്കു വരുമെന്ന് അറിയിച്ചെങ്കിലും പിന്നീട് യാത്ര ഒരു ദിവസം നേരത്തേയാക്കിയത് അമ്മയെ വിളിച്ച് പറഞ്ഞു. പക്ഷേ അത് അവളുടെ അന്ത്യയാത്രയായി.