chithra-exibition
മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മഹനാമി ഹോട്ടലിൽ ആരംഭിച്ച ചിത്രപ്രദർശനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, പ്രമുഖ വനിതാ സംരംഭക ഷീല കൊച്ചൗസേപ്പ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശിവരാത്രി മണപ്പുറത്ത് ആരംഭിച്ച താത്കാലിക നഗരസഭ ഓഫീസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സി. ഓമന, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു.

പൊലീസ് കൺട്രോൾ റൂം

ശിവരാത്രി മണപ്പുറത്തെ പൊലീസ് കൺട്രോൾ റൂം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, കമ്മീഷണർ ബി.എസ്. തിരുമേനി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എ.എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പിമാരായ ജി. വേണു, കെ. അനിൽകുമാർ, ആർ. റാഫി, പി. റെജി എബ്രഹാം, എം.ആർ. മധു, സി.ഐ വി.എസ്. നവാസ് എന്നിവർ സംബന്ധിച്ചു. കൺട്രോൾ റൂം മണപ്പുറത്തെ വ്യാപാരമേള അവസാനിക്കുന്നതുവരെ പ്രവർത്തിക്കും.

മണപ്പുറത്തും 'സേഫ്റ്റി പിൻ പദ്ധതി'

മോഷണം തടയുന്നതിന് തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വിജയകരമായി നടപ്പാക്കിയ 'സേഫ്റ്റി പിൻ പദ്ധതി' ശിവരാത്രി മണപ്പുറത്തും പൊലീസ് നടപ്പാക്കി. ധരിക്കുന്ന ആഭരണങ്ങൾ വസ്ത്രങ്ങളുമായി പിൻ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

മണപ്പുറത്ത് സേവാഭാരതിയുടെ സേവനം

മണപ്പുറത്ത് സേവാഭാരതിയുടെ സേവന പ്രവർത്തനം ഭക്തർക്ക് ആശ്വാസമായി. സൗജന്യ ആംബുലൻസ് സർവീസ്, അലോപ്പതി, ഹോമിയോ, ആയുർവേദം എന്നീ വിഭാഗങ്ങളിലെ സൗജന്യ വൈദ്യസഹായം, ഇൻഫർമേഷൻ കൗണ്ടറുകൾ, ലഘുഭക്ഷണം, കുടിവെള്ള വിതരണം എന്നിവ സേവാഭാരതിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു.

ശിവരാത്രി ചിത്രശില്പ കലാ പ്രദർശനം

അലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ ഒരുമാസം നീളുന്ന ചിത്രപ്രദർശനം ആരംഭിച്ചു. മഹനാമി ഹോട്ടലിൽ ആരംഭിച്ച ചിത്രപ്രദർശനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, പ്രമുഖ വനിതാ സംരംഭക ഷീല കൊച്ചൗസേപ്പ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നടിയും സംവിധായികയുമായ ഷീല, ഷീല കൊച്ചൗസേപ്പ്, നടനും സംവിധായകനുമായ കോട്ടയം നസീർ എന്നിവരുൾപ്പെടെ 18 പേരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ആലുവ ബാങ്കേഴ്‌സ് ക്ലബും കോമുസൺസും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള പ്രദർശനം മാർച്ച് 20 വരെ നീണ്ടുനിൽക്കും. ഉദ്ഘാടന ശേഷം ഉസ്താദ് അഷ്‌റഫ് ഹൈദ്രോസ് ബംഗളൂരു, നഫ്ല സജിത് എന്നിവരുടെ ഗസൽ ഖവാലി നടന്നു. ക്യുറേറ്റർ ആസിഫ് അലി കോമു, ബാങ്കേഴ്‌സ് ക്ലബ് സെക്രട്ടറി ശ്രീധരൻ പിള്ള, ഡോ. മേരി അനിത, ജയപ്രകാശ്, സതീഷ്, ബിജു, ബ്രദർ ജോർജ് തോമസ്, ജോസി പി. ആൻഡ്രൂസ്, വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

മണപ്പുറത്ത് പൊടിശല്യം രൂക്ഷം

വേനൽ ചൂട് കടുത്തിരിക്കെ മണപ്പുറത്തെ പൊടിശല്യം ഒഴിവാക്കുന്നതിന് നഗരസഭ സ്വീകരിച്ച നടപടികൾ ഫലപ്രദമായില്ല. നഗരസഭ വെള്ളം തളിക്കുന്നുണ്ടെങ്കിലും ഒരു റൗണ്ട് നനച്ച് കഴിയുന്നതിന് മുമ്പേ വീണ്ടും പൊടി ഉയരുകയാണ്. മാസ്ക് ധരിക്കാതെ മണപ്പുറത്തേക്ക് ഇറങ്ങാൻപോലും കഴിയാത്ത അവസ്ഥയായിരുന്നു.