ആലുവ: വിവിധ സംഘടനകളുടെ സഹകരണത്തോടെ ആലുവ മഹാശിവരാത്രിയെ ഹരിത ശിവരാത്രിയാക്കിയുള്ള ഹരിതകേരളം മിഷന്റെ പ്രവർത്തനം വിജയകരമായി. ശുചിത്വമിഷൻ, ആലുവ നഗരസഭ, ദേവസ്വം ബോർഡ്, കളമശേരി ഗവ.പോളിടെക്‌നിക്ക്, എടത്തല അൽഅമീൻ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ഹരിത ശിവരാത്രി പ്രവർത്തനങ്ങൾ നടന്നത്.
പൂർണമായും ഹരിത ശിവരാത്രിയാണ് നഗരസഭ പ്രഖ്യാപിച്ചിരുന്നത്. ഇതിന് ചുവടുപിടിച്ചാണ് ഹരിതകേരളമിഷൻ പ്രവർത്തിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് കർശനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. ജൈവമാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്‌കരിക്കും. നിരോധിത പ്ലാസ്റ്റിക്ക് ബാഗുകൾ കണ്ടെത്താൻ മുനിസിപ്പൾ സെക്രട്ടറി ടോബി തോമസിന്റെ നേതൃത്വത്തിൽ കടകൾ പരിശോധിക്കുകയും പിടിച്ചെടുത്ത കടകൾക്ക് 10,000 രൂപ മുതൽ പിഴ ചുമത്തുകയും ചെയ്തു. ഹരിത ശിവരാത്രിയാക്കുന്നതിന് നഗരസഭ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. തുണി സഞ്ചികൾക്കായി ശ്രീമൂലനഗരം ബഡ്‌സ് സ്‌കൂളിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് പ്രത്യേക സ്റ്റാൾ ഒരുക്കി. അഞ്ചുരൂപ മുതലുള്ള മനോഹരമായ തുണിസഞ്ചികൾ നൽകി. കളമശേരി ഗവ. പോളിടെക്‌നിക്ക് ,എടത്തല അൽ അമീൻ കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വാളണ്ടിയർമാർ ലീഫ്‌ലെറ്റുകൾ, ബ്രോഷറുകൾ പ്ലക്കാഡുകൾ എന്നിവ വിതരണം ചെയ്തു. കടകളിൽ കയറിയും ബോധവത്കരണം നടത്തി.
ഹരിത വോളണ്ടിയർമാരായി എടത്തല അൽ അമീൻ കോളേജ്, കളമശേരി ഗവ. പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലെ 50 എൻ.എസ്.എസ് വോളണ്ടിയർമാരാണ് പ്രവർത്തിച്ചത്. ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ രാജേഷ്, ശുചിത്വമിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ മോഹനൻ, ഹെൽത്ത് ഇൻസ്പക്ടർ മധു എന്നിവർ മാർഗനിർദ്ദേശം നൽകി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടിമ്മി ബേബി സംസാരിച്ചു.