മുംബൈ: ചെമ്പൂർ ഹരിഹരപുത്ര ബജൻ സമാജിന്റെ നേതൃത്വത്തിലുള്ള ശങ്കരാലയം ശാസ്തയിൽ (മിനി ശബരിമല) കഴിഞ്ഞ 18ന് ആരംഭിച്ച മകരോത്സവം നാളെ സമാപിക്കും. രാവിലെ 7.30ന് ശബരിമല തന്ത്രി കണ്ഠരര് മോഹനരരുടെ നേതൃത്വത്തിൽ ശാസ്താവിന് അഷ്ടാഭിഷേകവും സ്വർണാഭിഷേകവും നടക്കും. ആലങ്ങാട് യോഗത്തിന്റെ പാനകപൂജയും നടക്കും.

9.15ന് പ്രമുഖ പിന്നണി ഗായകൻ വീരമണിരാജുവിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധ. 11.45ന് നടക്കുന്ന സേവ് ശബരിമല കാമ്പയിൻ നായകന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. ശ്രീഹരിഹരപുത്ര ബജൻ സമാജ് പ്രസിഡന്റ് ജയന്ത് ലാപ്‌സിയ അദ്ധ്യക്ഷത വഹിക്കും. ശബരിമല തന്ത്രി കണ്ഠരര് മോഹനനര്, ഗായകൻ വീരമണിരാജു, കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, രാജപ്പൻ നായർ (ആലങ്ങാട് യോഗം), സിനു ജോസഫ്, കാമ്പാങ്ങുടി കൃഷ്ണൻ ഗുരുസ്വാമി, അഖില ഭാരതീയ അയ്യപ്പപ്രചാർ സഭ ദേശീയ പ്രസിഡന്റ് കെ. അയ്യപ്പദാസ് എന്നിവർ പ്രസംഗിക്കും.

സിനു ജോസഫ് എഴുതിയ 'വുമൺ ഇൻ ശബരിമല' എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ നടക്കും. തുടർന്ന് പ്രമുഖ വ്യക്തികളെ ആദരിക്കും. 12.45ന് ശബരിമല തന്ത്രിയുടെ നേതൃത്വത്തിൽ മഹാദീപാരാധനയും അന്നദാനവും നടക്കും.

കേരളകൗമുദി പ്രത്യേക പതിപ്പ് പ്രകാശനം

ചെമ്പൂർ ഹരിഹരപുത്ര ബജൻ സമാജിന്റെ നേതൃത്വത്തിലുള്ള ശങ്കരാലയം ശാസ്തയിലെ (മിനി ശബരിമല) മകരോത്സവത്തോടനുബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിക്കുന്ന പ്രത്യക പതിപ്പ് ഫെബ്രുവരി 23ന് പ്രകാശനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഹരിഹരപുത്ര ബജൻ സമാജ് പ്രസിഡന്റ് ജയന്ത് ലാപ്‌സിയക്ക് നൽകി പ്രകാശിപ്പിക്കും.