പിറവം : " ഞാൻ ഏതു പുതിയ വണ്ടിയെടുത്താലും അവനായിരുന്നു ഷോറൂമിൽ നിന്ന് താക്കോലുവാങ്ങി പള്ളിക്കാവിലമ്മയുടെ നടയിൽ എത്തിച്ച് വാഹനം പൂജിച്ച് വീട്ടിൽ എത്തിക്കുക " പറഞ്ഞു തീർക്കാൻ കഴിയുന്നില്ല ബൈജുവിന്റെ ഉറ്റ സുഹൃത്ത് കിഷോർ ബാബുവിന് .
" ദേവാലയങ്ങളിൽ വാഹന പൂജ നടത്തുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ലായിരുന്നു .പക്ഷേ അവൻ സമ്മതിക്കില്ല.2017ൽ ഞാൻ കാറെടുക്കാൻ എറണാകുളത്തെ ഷോറൂമിൽ പോയി. എന്റെ ഭാര്യ സിനി, മകൾ ആവണി, ബൈജു, ഭാര്യ കവിത, മകൾ ബബിത ബൈജുവിന്റെ സഹോദരൻ ബിജു എന്നിവരും ഉണ്ടായിരുന്നു. വാഹനമെടുത്ത് നേരെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല
"അത്രയ്ക്കും കടുത്ത ഈശ്വര വിശ്വാസിയായിരുന്നു അവൻ. അവസാനമായി ജോലിക്കു പോകാൻ വീട്ടിൽ നിന്ന് പുറപ്പെട്ടത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15 നാണ്. അന്ന് അതിരാവിലെയും വട്ടപ്പാറ പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു.
കെ.എസ്.ആർ.ടി.സി. ഐ.എൻ.ടി.യു.സി എറണാകുളം യൂണിറ്റ് പ്രസിഡന്റായ ബൈജു വീട്ടിലിരുന്നാലും സദാ കോളു വരും. എത്ര വലിയ പ്രശ്നങ്ങളാണെങ്കിൽ ഇടപെടുമ്പോൾ അത് നിസാരമാകും. നാട്ടിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ബന്ധപ്പെട്ടിരുന്നില്ല.
2008ലെ ഡ്രൈവർമാരുടെ ആദ്യ ബാച്ചിൽ തന്നെ ബൈജുവിന് നിയമനം കിട്ടി . തിരുവനന്തപുരത്ത്. ഒരു വർഷം പിന്നിട്ടപ്പോൾ എറണാകുളത്തേക്ക് വന്നു. മൾട്ടി ആക്സിൽ വോൾവോ ബസ് ഓടിക്കാൻ പ്രത്യേക മിടുക്കുണ്ടായിരുന്നു. ഡ്രൈവർമാരെ തന്നെ വോൾവോ ബസുകളിൽ കണ്ടക്ടർമാരായി നിയമിക്കാൻ തീരുമാനിച്ചതോടെയാണ് ബൈജുവും ഗിരീഷും ഒന്നിച്ചത്. 7 ന് ശേഷമാണ് വണ്ടി പുറപ്പെടുന്നതെങ്കിലും അഞ്ച് മണിക്ക് മുമ്പ് ഡിപ്പോയിിലെത്തി വാഹനം വൃത്തിയാക്കും. എഞ്ചിനും, ബ്രേയ്ക്കും, ക്ലെച്ചുമെല്ലാം കണ്ടീഷനാണെന്ന് ഉറപ്പിക്കും.
വാഹനം മാറി മാറി ഓടിച്ചാലും ഇരുവരും ഇറങ്ങില്ല. വർത്തമാനം പറഞ്ഞ് ഉറക്കച്ചടവ് മാറ്റും അത്രയ്ക്കുണ്ട് ശ്രദ്ധയും കരുതലും. അപകട ദിവസം മാത്രമാണ് ചെറുതായൊന്ന് തല ചായ്ക്കാനായി ബൈജു ഡ്രൈവറുടെ പിൻസീറ്റിലിരുന്നത്. അത് അന്ത്യയാത്രയുമായി.