ആലുവ: കുംഭമാസത്തിലെ ശിവരാത്രി നാളിൽ പെരിയാറിൽ മുങ്ങിക്കുളിച്ച് ബലിതർപ്പണത്തിനായി ജനലക്ഷങ്ങൾ ഒഴുകിയെത്തിയപ്പോൾ ആലുവ നഗരവീഥിയും പെരിയാർ തീരവുമെല്ലാം ജനസാഗരമായി. ഉറക്കമിളച്ച് ശിവപഞ്ചാക്ഷരി മന്ത്രങ്ങൾ ഉരുവിട്ട് ഭക്തസഹസ്രങ്ങൾ രാവിനെ പകലാക്കുകയായിരുന്നു.

വലതുകൈ മോതിരവിരലിൽ പവിത്രമണിഞ്ഞ് നറുക്കിലയിൽ എള്ളും പൂവും അരിയും നേദിച്ചായിരുന്നു ബലിതർപ്പണം. നറുക്കിലയിലെ ബലിപിണ്ഡം ശിരസിൽ ചേർത്തുപിടിച്ച് പെരിയാറിൽ മുങ്ങി വിശ്വാസികൾ സായൂജ്യരായി.

പെരിയാറിന്റെ ഇരുകരകളിലുമായി പത്തുലക്ഷത്തിലേറെ പേർ തർപ്പണത്തിനെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും മറുകരയിൽ അദ്വൈതാശ്രമത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റുമാണ് ശിവരാത്രി ബലിതർപ്പണത്തിന് നേതൃത്വം നൽകിയത്. ഇന്നലെ രാത്രി പത്തോടെ രണ്ടിടത്തും തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. അർദ്ധരാത്രിയായതോടെ തർപ്പണത്തിനെത്തിയവരുടെ എണ്ണം വർദ്ധിച്ചു. മണപ്പുറത്തേക്ക് പോകാൻ നടപ്പാലത്തിൽ ഭക്തരുടെ വലിയ തിരക്കായിരുന്നു. പലവട്ടം പൊലീസിന് വടം ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. മണപ്പുറം നടപ്പാലത്തിൽ കാൽനട യാത്രക്കാർക്കും കുരുക്കനുഭവപ്പെട്ടു.

രാത്രി 12ന് മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് മനക്കൽ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ ശിവരാത്രി വിളക്കിന് ശേഷമാണ് മണപ്പുറത്ത് ഔദ്യോഗിക ബലിതർപ്പണം ആരംഭിച്ചത്. ഇരുന്നൂറോളം ബലിപ്പുരകൾ സജ്ജമാക്കിയിരുന്നു. ഇവിടെ അഞ്ഞൂറിലധികം പുരോഹിതൻമാർ തർപ്പണത്തിന് നേതൃത്വം നൽകി. അദ്വൈതാശ്രമത്തിൽ ഒരേ സമയം രണ്ടായിരം പേർക്ക് ബലിതർപ്പണം നടത്താൻ സൗകര്യമൊരുക്കിയിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കുളിക്കടവുകളുമുണ്ടായി. സ്വാമി ധർമ്മചൈതന്യ, സ്വാമി ഗുരുപ്രകാശം, നാരായണപ്രസാദ് തന്ത്രി, ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ ശാന്തി, ഋഷിചൈതന്യ, മധുശാന്തി, ആർ. ചന്ദ്രശേഖരൻ എന്നിവരുടെ കാർമ്മികത്വത്തിലാണ് ബലിതർപ്പണങ്ങൾ നടന്നത്. അമാവാസിയായതിനാൽ നാളെ ഉച്ചവരെ ബലിതർപ്പണം നടത്താം.

മണപ്പുറത്ത് താത്കാലിക നഗരസഭാ ഓഫീസിൽ രാത്രി ചെയർപേഴ്‌സൺ ലിസി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക കൗൺസിൽ ചേർന്നു. മണപ്പുറത്ത് റൂറൽ എസ്.പി കെ. കാർത്തികിന്റെ നേതൃത്വത്തിൽ രണ്ടായിരത്തോളം പൊലീസുകാരുണ്ടായിരുന്നു. സുരക്ഷയുടെ ഭാഗമായി 100 സി.സി.ടി.വി കാമറകളും നിരവധി വാച്ച് ടവറുകളും സ്ഥാപിച്ചിരുന്നു. എക്‌സൈസ്, റവന്യൂ വിഭാഗങ്ങളുടെ പരിശോധനയും മണപ്പുറത്തുണ്ടായിരുന്നു.