കോലഞ്ചേരി: ബ്രഹ്മ പുരം പ്ളാന്റിലെ തീ പിടുത്തംമൂലം അവിടെ തള്ളാനെത്തിയ മാലിന്യം തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിലെ ആളൊഴിഞ്ഞ ഭാഗത്ത് തള്ളി .വടക്കാഞ്ചേരി നഗരസഭയുടേതാണ് മാലിന്യം. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴി വി.കെ.എൽ കമ്പനി പരിസരത്താണ് ലോഡു കണക്കിന് ചാക്കിൽ കെട്ടിയ മാലിന്യം തള്ളിയത്. വടക്കാഞ്ചേരി നഗര സഭ എന്ന് മുദ്രണം ചെയ്ത ചാക്കുകളിലാണ് മാലിന്യം . വ്യാഴാഴ്ച പുലർച്ചെയാണ് നാട്ടുകാർ വിവിധ ഭാഗങ്ങളിലായി ചാക്കിൽ നിറച്ച മാലിന്യ കൂമ്പാരം കാണുന്നത്. കഴിഞ്ഞ ദിവസം ശുചിത്വ മിഷൻ നഗര സഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യമാണിതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ശുചിത്വ മിഷന്റെ കരാറുകാരൻ മാലിന്യം പെരുമ്പാവൂർ സ്വദേശിയുടെ ലോറിയിൽ കയറ്റി ബ്രഹ്മപുരത്തേയ്ക്കയച്ചിരുന്നു. മാലിന്യം വന്ന ദിവസം ബ്രഹ്മപുരം പ്ളാന്റിൽ തീ പിടിച്ചു. ഇതോടെ മാലിന്യം അവിടെ തള്ളാൻ കഴിയാത്തതിനെ തുടർന്ന് ആളൊഴിഞ്ഞ മറ്റക്കുഴി മേഖലയിൽ നിക്ഷേപിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുവാണിയൂർ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി . മാലിന്യം നീക്കിയില്ലെങ്കിൽ നടപടി എടുക്കുമെന്നും നഗര സഭ അധികൃതരെ അറിയിച്ചിട്ടുണ്ട്.
മറ്റക്കുഴി വി.കെ.എൽ കമ്പനി പരിസരത്താണ് മാലിന്യം തള്ളിയത്.പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി .