പെരുമ്പാവൂർ: അവിനാശി ബസപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ഗിരീഷിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. രാത്രി 12 മണിയോടെയാണ് മൃതദേഹം വളയൻചിറങ്ങരയിലുളള വീട്ടിലെത്തിച്ചത്. രാവിലെ ആറ് മണി മുതൽ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലേക്ക് ഒഴുകിയെത്തി. പത്തരയോടെ കെ.എസ്.ആർ.ടി.സി മുൻ എം.ഡി ടോമിൻ തച്ചങ്കരി എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
''എന്നെ കൊണ്ടു പോകുന്നതിന് പകരം നിന്നെയാണല്ലോ കൊണ്ടു പോയത്'' എന്ന് പറഞ്ഞ് ഹൃദയം പൊട്ടി ഗിരീഷിന്റെ മാതാവ് ലക്ഷമി കരഞ്ഞത് കണ്ടുനിന്നവരുടെയും കണ്ണിൽ ഈറനണിയിച്ചു. ഭാര്യ സ്മിതയും മകൾ ദേവികയും പൊട്ടിക്കരഞ്ഞാണ് അന്ത്യചുംബനം നൽകി ഗിരീഷിനെ യാത്രയാക്കിയത്. 11.15ന് കെ.എസ്.ആർ.ടി.സിയുടെ ആംബുലൻസിൽ ഒക്കലിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ശ്മശാനത്തിലും അന്ത്യോപചാരം അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.
സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ഗിരീഷിന്റെ കുടുംബത്തെ സഹായിക്കുമെന്ന് ടോമിൻ തച്ചങ്കരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മുൻ നിയമസഭ സ്പീക്കർ പി.പി. തങ്കച്ചൻ, എം എൽ എമാരായ വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിളളി, മുൻ എം എൽ എ സാജുപോൾ, ടെൽക് ചെയർമാൻ അഡ്വ. എൻ.സി.മോഹനൻ, ഫാർമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷ്‌റഫ്, ബി.എം.എസ് നേതാവ് അഡ്വ.കെ.സി. മുരളീധരൻ, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ കെ. കർണ്ണൻ, സി.പി.എം ഏരിയാ സെക്രട്ടറി പി.എം സലിം, വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, ഡി.സി.സി സെക്രട്ടറി ഒ.ദേവസി ഉൾപ്പെടെ വിവിധ സാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.