കൊച്ചി: അവിനാശിയിലെ അപകടത്തിൽ മരിച്ച ഇടപ്പള്ളി പോണേക്കര സ്വദേശി ഐശ്വര്യയുടെ വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ചേതനയറ്റ ശരീരം സംസ്കാരത്തിനായി എടുത്തപ്പോൾ അടക്കിപ്പിടിച്ച തേങ്ങലുകൾ ആർത്തനാദങ്ങളായി മാറി. കുഴഞ്ഞു വീഴാൻ തുടങ്ങിയ ഭർത്താവ് ആഷിൻ ഉദയനെ സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചു. ഉത്സവത്തിൽ കൂടാനായി ഓടിവന്ന പൊന്നോമനമകളെ ഇങ്ങനെ കാണേണ്ടിവന്നല്ലോയെന്ന് പറഞ്ഞു നിലവിളിച്ച അമ്മ രാജേശ്വരിയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ കണ്ണീർവാർത്തു. മകളുടെ ഫോൺ സ്വിച്ച് ഒഫ് ആയ നിമിഷം മുതൽ സങ്കടകനലിൽ വെന്തുനീറുന്ന അച്ഛൻ ഗോപകുമാർ തന്റെ സുന്ദരിക്കുട്ടിയുടെ മുഖം അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ലെന്ന നിരാശയോടെ തേങ്ങിക്കരഞ്ഞു.

ഐശ്വര്യയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമുള്ള സഹപാഠികളും അദ്ധ്യാപകരും ഇന്നലെ ഇന്ദിരാനഗറിലേക്കെത്തി. നല്ല പാട്ടുകാരിയായിരുന്നു ഐശ്വര്യ. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ ആർട്സ് ക്ളബ്ബ് സെക്രട്ടറിയായിരുന്നു. 2014 ൽ കോളേജ് വിട്ടുവെങ്കിലും സഹപാഠികളും അദ്ധ്യാപകരുമായുള്ള ബന്ധം എന്നും നിലനിർത്തി. അവളെ പരിചയപ്പെട്ടാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കാക്കനാട് ഭവൻസ് ആദർശ സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കൾ ഓർമ്മിച്ചു.

മൂന്നു വർഷം മുമ്പാണ് ബംഗളരുവിലെ ഇ ആൻഡ് വൈ കമ്പനിയിൽ ജോലിക്ക് ചേർന്നത്. ഒരു വർഷം മുമ്പ് ബംഗളരുവിലെ മറ്റൊരു ഐ.ടി കമ്പനിയിലെ ജീവനക്കാരനായ ആഷിനുമായുള്ള വിവാഹം നടന്നു. കെ.എസ്.ഇ.ബിയിൽ എൻജിനിയറായിരുന്ന രാജേശ്വരി ജോലിയിൽ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ മാസം യുവ ദമ്പതികൾ നാട്ടിലെത്തിയിരുന്നു. അവധി കിട്ടാത്തതിനാൽ പെട്ടെന്നുള്ള യാത്രയിൽ ഒപ്പം ചേരാൻ പ്രിയതമന് കഴിഞ്ഞില്ല.