വൈപ്പിൻ : യുവാക്കളെ മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത കേസിലെ ആറു പ്രതികളിൽ രണ്ടുപേരെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി നായരമ്പലം വെളിയത്താംപറമ്പ് നികത്തിതറ അരുൺ (23), നാലാംപ്രതി നെടുങ്ങാട് തുണ്ടിയിൽ ശരത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.

നായരമ്പലം സ്വദേശികളായ മനു, വിനീഷ് എന്നിവരാണ് ആക്രമണത്തിനിരയായത്. തലക്ക് ഇരുമ്പ് വടിക്ക് അടിയേറ്റ് തലയോട്ടിപൊട്ടിയ മനു ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കാലും കൈയും ഒടിഞ്ഞ വിനീഷ് പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമത്തിലാണ്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബാക്കി നാലുപ്രതികളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഞാറക്കൽ സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ സംഗീത് ജോബ് , എ.എസ്.ഐ ഷാഹിർ എസ്, സി.പി.ഒ മിറാഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.