മൂവാറ്റുപുഴ:കായിക താരം ജിനു മരിയ മാനുവലിന് സർക്കാർ ജോലി ലഭിച്ചു. മുവാറ്റുപുഴ പുളിന്താനം സ്വദേശിയായ ജിനുവി​ന് വിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി.ക്ലാർക്കായാണ് ജോലി ലഭിച്ചത്. എൽദോ എബ്രഹാം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ അന്ന് കായിക വകുപ്പിന്റെചുമതലയുണ്ടായിരുന്ന മന്ത്രി എ.സി.മൊയ്തീന് ജിനു മരിയ നിവേദനം നൽകിയിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദേശ വാസികളുടെ സഹകരണത്തോടെ താരത്തിന് സ്ഥലം വാങ്ങി നൽകി​. താരസംഘടനയായ അമ്മയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വീട് നിർമിച്ച് നൽകുകയും ചെയ്തിരുന്നു. ദേശീയ ഓപ്പൺ അതലറ്റിക്‌സുകളിൽ ഹൈ ജമ്പ് വിഭാഗത്തിൽ തുടർച്ചയായ രണ്ടു വർഷം കേരളത്തിന് വേണ്ടി സ്വർണം നേടിയ താരമാണ് ജിനു. ചെന്നൈയിലും ലക്‌നൗവിലും നടന്ന മത്സരത്തിലാണ് നേട്ടം കൈവരിച്ചത്. ബോബി അലോഷ്യസിന് ശേഷം ഹൈജമ്പിൽ 1.80 മീറ്ററിന് മുകളിൽ ചാടുന്ന കേരളത്തിലെ ഏക വനിത കായിക താരം. ഈ വർഷം ചൈനയിലും, തായ്‌പേയിലുമായി നടന്ന ഏഷ്യൻ ഗ്രാൻപ്രീയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഏക ഹൈജമ്പ് താരവും ജിനുവാണ്. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്ത് പനച്ചിക്കവയലിൽ മാണിഡോളി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ജിനു.