കളമശേരി: മാനവികതയുടെ പക്ഷത്തുനിന്ന് കൂടുതൽ വികസിതവും മതനിരപേക്ഷവുമായ കേരളത്തെ സൃഷ്ടിക്കാൻ മാദ്ധ്യമങ്ങൾ മുന്നിൽ നിൽക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. എല്ലാക്കാലത്തും മാനവികതയുടെ പക്ഷത്തുതന്നെ നിലയുറപ്പിച്ച പത്രമാണ് കേരളകൗമുദിയെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിയുടെയും ഫ്ളാഷിന്റെയും കളമശേരി, ഏലൂർ മേഖലാ ഓഫീസ് എച്ച്.എം.ടി ജംഗ്ഷനിലെ മണപ്പാട്ട് ബിൽഡിംഗിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ തലമുറ ഒരുപാട് മാനസികസംഘർഷങ്ങളും സാമൂഹ്യപ്രശ്നങ്ങളും മനുഷ്യത്വമില്ലാത്ത കാര്യങ്ങളുമാണ് നേരിടുന്നത്. അത്തരം സാഹചര്യത്തിൽ കേരളകൗമുദി പോലുള്ള മാദ്ധ്യമങ്ങൾ എവിടെ നിൽക്കണമെന്നത് പ്രധാനമാണ്. മാനവികതയുടെ പക്ഷമാകണം മാദ്ധ്യമങ്ങൾ സ്വീകരിക്കേണ്ടത്. ഭ്രാന്താലയമായിരുന്ന സമൂഹത്തെ മാനവികതയിലേയ്ക്ക് നയിച്ചതിനാലാണ് നവോത്ഥാനത്തിലേയ്ക്കും പുരോഗമനത്തിലേയ്ക്കും മതനിരപേക്ഷതയിലേയ്ക്കും വളർത്താൻ കഴിഞ്ഞത്. മാനവികതയുടെ മൗലികചിന്തകൾ വളർത്തിയതിൽ മാദ്ധ്യമങ്ങൾ വലിയ പങ്ക് വഹിച്ചു.

മാനവികതയും കമ്പോളവും തമ്മിലുള്ള സംഘർഷമാണ് ഇന്നത്തെ യഥാർത്ഥപ്രശ്നം. രാജ്യം കമ്പോളമായി. എല്ലാത്തിന്റെയും അടിസ്ഥാനം കമ്പോളമാണ്. അത് മാനവികതയെ വെല്ലുവിളിക്കുന്നു. ഈ ഘട്ടത്തിൽ മാദ്ധ്യമങ്ങൾ മാനവികതയ്ക്കൊപ്പം നിൽക്കുകയാണ് അനിവാര്യം. കമ്പോളത്തിനൊപ്പം നിന്നാൽ മാനവികമൂല്യങ്ങൾ നഷ്ടമാകും. എല്ലാവരും മാനവികതയുടെ പക്ഷത്ത് നിലയുറപ്പിച്ചാലേ കമ്പോളത്തെ തള്ളി നവനവോത്ഥാനത്തിന് കളമൊരുക്കാൻ കഴിയൂ. മാദ്ധ്യമധർമ്മവും അതാണ്. കമ്പോളത്തിനൊപ്പം നിലയുറപ്പിച്ചാൽ മൂല്യമില്ലാത്ത പ്രവർത്തനമായി കാണേണ്ടിവരും. മാദ്ധ്യമങ്ങൾ അതിന് പോകില്ലെന്നാണ് പ്രതീക്ഷ. ചരിത്രത്തിലുടനീളം മാനവികതയുടെ പക്ഷത്ത് നിലയുറപ്പിച്ചുവെന്നതാണ് കേരളകൗമുദിയുടെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.