കളമശേരി: കൊച്ചി നഗരത്തിനൊപ്പം അതിവേഗം വളരുന്ന കളമശേരി, ഏലൂർ മേഖലകളുടെ വാർത്താസ്പന്ദനങ്ങൾ ഏറ്റുവാങ്ങാൻ കേരളകൗമുദി ന്യൂസ് ബ്യൂറോ ഓഫീസ് തുറന്നു. എച്ച്.എം.‌ടി ജംഗ്ഷനിലെ മണപ്പാട്ട് ബിൽഡിംഗിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ., കളമശേരി നഗരസഭാ ചെയർപേഴ്സൺ റുഖിയ ജമാൽ, ഏലൂർ നഗരസഭാ ചെിയർപേഴ്സൺ സി.പി. ഉഷ എന്നിവർ ആശംസകൾ നേർന്നു.

മികച്ച പ്രവർനത്തങ്ങൾ കാഴ്ചവച്ചതിന് റോയൽ ഫുഡ് കോർട്ട് ഉടമ‌ ടി.സി. റഫീഖ്, ഏലൂർ നഗരസഭാംഗം ജോസഫ് ഷെറി, കളമശേരി നഗരസഭാ കൗൺസിലർ മാർട്ടിൻ തായങ്കേരി എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് എം.എസ്. സജീവൻ സ്വാഗതവും കളമശേരി റിപ്പോർട്ടർ സുഭാഷ് കുന്നത്തേരി നന്ദിയും പറഞ്ഞു.

# കേരളകൗമുദി നിലപാടുകൾ മാറ്റാത്ത പത്രം

നിലപാടുകളിലും നയങ്ങളിലും കടുകിട വ്യതിചലിക്കാത്ത ഉറച്ച നിലപാടാണ് കേരളകൗമുദിയുടെ പ്രത്യേകതയും കരുത്തുമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. പറഞ്ഞു.

കേരളകൗമുദി കളമശേരി ബ്യൂറോ ഉദ്ഘാടന ചടങ്ങിൽ ആശംസകൾ നേരുകയായിരുന്നു അദ്ദേഹം.

പത്രാധിപകർ കെ. സുകുമാരൻ സ്വീകരിച്ച നിലപാട് തന്നെയാണ് തലമുറകൾ മാറിയിട്ടും തുടരുന്നത്. ഉദാത്തമായ ഈ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചില പത്രങ്ങൾ അഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറ്റുന്ന കാലത്തും ഒറ്റ നിലപാടാണ് കേരളകൗമുദി സ്വീകരിച്ചത്. രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം കണക്കിലെടുത്താണ് വാർത്തകൾ അവതരപ്പിക്കുന്നത്. സമൂഹത്തിന് ഉന്നമനത്തിന് പത്രധർമ്മം പാലിച്ചുപ്രവർത്തിക്കുന്ന പത്രാധിപർ കെ. സുകുമാരന്റെ കാലം മുതലുള്ള പാരമ്പര്യം തുടരുന്നത് എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.