കൊച്ചി: എ.ഐ.എ.ഡി.എം.കെയുടെ ഭാഗമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമായ അമ്മ പേരവൈ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. സംഘടനയുടെ സംസ്ഥാനതല ഓഫീസ് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഈ മാസം 24ന് ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തമിഴ്‌നാട്ടിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എസ്.പി വേലുമണി മുഖ്യാതിഥിയായി പങ്കെടുക്കും. സംഘടനയുടെ വെബ്‌സൈറ്റും ചടങ്ങിൽ പുറത്തിറക്കും. നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിത്സകളുൾപ്പെടെയുള്ള സഹായങ്ങൾ അമ്മ പേരവൈയിലൂടെലഭി​ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയാണ് സംഘടനയ്ക്ക് തുടക്കംകുറിച്ചത്. തമിഴ്‌നാട്ടിൽ ഇതിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു മന്ത്രിയെ എ.ഐ.എ.ഡി.എം.കെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചികിത്സാസഹായങ്ങളുൾപ്പെടെ ആവശ്യമുള്ള നിർദ്ധനർക്ക് സംഘടനയുമായി ബന്ധപ്പെടാമെന്ന് സംസ്ഥാന സെക്രട്ടറി ഡോ. ജിജോ വെമ്പിലാൻ പറഞ്ഞു. ഫോൺ: 94965 31797. ഹരീഷ് മുളഞ്ചേരി, ഡോ. സാവദ് മൗലവി, ടി.പി കിഷോർ, ഷൈലജ വിജയൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.