കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ സർക്കാർ ജീവനക്കാരിൽ നിന്ന് യോഗ്യത നേടുന്നവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതും നിയമനത്തിന് മെമ്മോ നൽകുന്നതും ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമേ പാടുള്ളുവെന്ന് ഉത്തരവ്.
സമസ്ത നായർ സമാജം ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണിത്.ഇന്ന് പ്രാഥമിക പരീക്ഷയും പിന്നീട് പ്രധാന പരീക്ഷയും നടത്തുന്നതിനും കോടതി അനുമതി നൽകി. തുടർ നടപടികൾക്ക് സ്റ്റേയുണ്ട്. ഹർജികളിൽ പിന്നീട് വിശദമായ വാദം കേൾക്കും.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ മൂന്നിൽ രണ്ടു പേരെ സർക്കാർ സർവീസിൽ നിന്നും ഒരാളെ അപേക്ഷകരിൽ നിന്നുമാണ് തിരഞ്ഞെടുക്കുക. നിലവിൽ സർക്കാർ ജീവനക്കാരായവരെ പരീക്ഷയും അഭിമുഖവും നടത്തി നിയമിക്കുമ്പോൾ സംവരണം പാലിക്കുന്നതിനെയാണ് നായർ സമാജം ഹർജിയിൽ എതിർക്കുന്നത്. രണ്ട് തവണ സംവരണാനുകൂല്യം നൽകുന്നതാണിതെന്നാണ് വാദം. സംവരണത്തിൽ അപാകതയില്ലെന്നാണ് സർക്കാരിന്റെ നിലപാട്.