ആലുവ: ആലുവ മഹാശിവരാത്രിയാഘോഷത്തിൽ സാമ്പത്തിക ലാഭമുണ്ടാക്കുന്നത് ആലുവ നഗരസഭയാണെങ്കിലും ദേവസ്വം ബോർഡുമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു മണപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു മാസം മുമ്പ് നടത്തിയ ശിവരാത്രി അവലോകന യോഗത്തിൽ ഒരു പ്രതിനിധിയെപ്പോലും നഗരസഭ അയച്ചില്ല.

അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ചർച്ചപോലും ഉണ്ടായിട്ടില്ല. ഇത്തരം നടപടി ശരിയല്ല. ഇത് സംബന്ധിച്ച് നഗരകാര്യ വകുപ്പിന് ബോർഡ് രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. വരും വർഷങ്ങളിലെങ്കിലും നഗരസഭയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ശിവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ഒരു മാസത്തെ വ്യാപാരമേള നഗരസഭയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഒറ്റ ദിവസത്തെ പരിപാടിയായ ശിവരാത്രിക്ക് നഗരസഭ വേണ്ടത്ര പ്രധാന്യം നൽകുന്നില്ല. ലാഭേച്ഛ നോക്കാതെയാണ് ബോർഡ് ശിവരാത്രിക്ക് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവരാത്രി ഒരുക്കം വിലയിരുത്താൻ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. രവി, വിജയകുമാർ എന്നിവരും എത്തിയിരുന്നു.