കൊച്ചി: വെല്ലുവിളികളുടെ കാലത്ത് നൂതനമാർഗങ്ങൾ സ്വീകരിച്ചാലേ നിലനിൽക്കാൻ കഴിയൂവെന്ന് കേരള സ്റ്റേറ്റ് വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ മനോഭാവം തുടർന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യകളും അറിവുമാണ് സമൂഹത്തെ നയിക്കുന്നത്. നൂതനത്വം, അറിവ്, സാങ്കേതിക വിദ്യ, പ്രൊഫഷനിസം എന്നിവയിലൂടെയേ ഇനി മുന്നേറ്റം സാദ്ധ്യമാകൂ. തന്ത്രപരമായ സമീപനങ്ങൾ സ്വീകരിക്കുന്നതിൽ നിർണായകമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബി.എ.ഐ കേരള ചെയർമാൻ പ്രിൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൺവൻഷൻ കമ്മിറ്റി ചെയർമാൻ എഡ്വേർഡ് ജോർജ് സ്വാഗതവും കൊച്ചിൻ സെന്റർ ചെയർമാൻ സി.കെ.എസ് പണിക്കർ നന്ദിയും പറഞ്ഞു.