കാലടി: കാലടി മണൽപ്പുറത്തെ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നൂറുകണക്കിന് ഭക്തരെത്തി ബലിയിട്ടു. പെരിയാറിന് കുറുകെ താത്കാലികമായി സ്ഥാപിച്ച പാലത്തിലൂടെയാണ് ഭക്തർ ശിവരാത്രി മണപ്പുറത്തേക്ക് എത്തിയത്. ശിവ മന്ത്രാക്ഷരങ്ങൾ ഉരുവിട്ടും ഉപവസിച്ചും ഭക്തർ വെളുപ്പിനുള്ള ബലി തർപ്പണത്തിനായി കാത്തിരുന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു. സാംസ്കാരിക സമ്മേളനം എം.എൽ.എമാരായ റോജി എം ജോൺ, അഡ്വ. എൽദോസ് കുന്നപ്പിള്ളി എന്നിവർ ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ആഘോഷസമിതി പ്രസിഡന്റ് വി.എസ്. സുബിൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രമ ബാബു, അഡ്വ.കെ. തുളസി, വൈസ് പ്രസിഡന്റ് വാലസ് പോൾ, വാർഡ് മെമ്പർ മിനി ബൈജു, എന്നിവർ സംസാരിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.വി. ഷാജി, പ്രസ് ക്ലബ് പ്രസിഡന്റ് കെ.ആർ.സന്തോഷ്, മർച്ചന്റ് അസോസിയൻ പ്രസിഡന്റ് വി.പി. തങ്കച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പത്മശ്രീ ലഭിച്ച കുഞ്ഞോൽ മാസ്റ്റർ, ക്ഷേത്രം മേൽശാന്തി ചെറുകുട്ടമന ശങ്കരൻ നമ്പൂതിരിപ്പാട്, ശിവൻ മൂഞ്ഞേലി എന്നിവരെ ആദരിച്ചു. മഹാശിവരാത്രി പുരസ്കാരം 2020 പ്രീതി പ്രകാശ് പറക്കാട്ടിന് സമ്മാനിച്ചു. ശിവരാത്രി ആഘോഷ കമ്മിറ്റി രക്ഷാധികാരി പി.കെ. മോഹൻദാസ്, സെക്രട്ടറി കെ.എസ്. ജയൻ, കമ്മിറ്റി ഭാരവാഹികളായ വി.ബി.സി ദിൽകുമാർ, സലീഷ് ചെമ്മണ്ടൂർ, കെ.എ. മോഹനൻ, സജത് രാജൻ, എം.ബി. സാബു എന്നിവർ നേതൃത്വം നൽകി.