കോലഞ്ചേരി: പുതുപ്പനത്തിന് സമീപം പെരിയാർവാലി കനാലിൽ ഹോട്ടൽ മാലിന്യം തള്ളി. പെരിയാർവാലിയുടെ പുതുപ്പനം പാങ്കോട് വലിയ കനാലിലേക്കാണ് പെറോട്ട, ബാക്കിയായ കറികൾ, പാൽ, മുളകുപൊടി തുടങ്ങിയവയും, പ്ലാസ്​റ്റിക് കവറുകൾ, മുട്ടത്തൊണ്ട്, ചീഞ്ഞ പച്ചക്കറിഎന്നിവയും ചാക്കുകളിലാക്കി കനാലിൽ തള്ളിയത്. വെള്ളത്തിന്റെ ഒഴുക്ക് കുറവായതിനാൽ ചാക്കുകൾ ഒഴുകിപ്പോയില്ല.വെള്ളം കുറയുന്നതോടെ മാലിന്യം ചീഞ്ഞ് പുഴുവരിക്കും. ഇതോടെ സമീപവാസികൾക്ക് ദുർഗന്ധം മൂലം ബുദ്ധിമുട്ടുണ്ടാകും. ബ്രഹ്മപുരത്ത് അഗ്‌നിബാധ ഉണ്ടായതോടെ മാലിന്യസംസ്‌കരണം ശരിയാംവണ്ണം നടക്കാതെ വന്നതോടെയാണ് പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപം വർദ്ധിച്ചിട്ടുള്ളത്‌. പെരുവുംമൂഴിയിൽ ബേക്കറി മാലിന്യം തള്ളാനെത്തിയ ലോറി കഴിഞ്ഞ ദിവസം പുത്തൻകുരിശ് പൊലീസ് പിടി കൂടിയിരുന്നു.