കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചു പണിയാനുള്ള നീക്കത്തിൽ ബിൽഡേഴ്സ് അസോസിയഷൻ ഒഫ് ഇന്ത്യയുടെ (ബി.എ.ഐ) സമ്മേളനത്തിൽ കടുത്ത വിമർശനം. ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച ഭാര പരിശോധനയെ സംസ്ഥാന സർക്കാർ എതിർക്കുന്നത് ദുരൂഹമാണെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രമുഖർ പ്രതികരിച്ചു.
ഫ്ളൈ ഓവറിന്റെ ബലം അളക്കാൻ ഏറ്റവും ക്രിയാത്മകവും ഫലപ്രദവുമായ മാർഗമാണ് ഭാരപരിശോധന. അത് നടത്താതെ ഒളിച്ചോടുന്നത് എന്തിനെന്ന് പ്രതിനിധികൾ ചോദിച്ചു. പാലത്തിന്റെ പാളിച്ചകൾ 75 ശതമാനവും ഐ.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിഹരിച്ചു. പാലം പൊളിക്കണമെന് പറയുന്നതിൽ യുക്തിയില്ല. പാലത്തിൽ വിള്ളൽ വീണാൽ പരിഹരിക്കുകയാണ് ചെയ്യേണ്ടത്. പാലം അപ്പാടെ പൊളിച്ചു കളയുന്നത് മണ്ടത്തരമാണ്.
സാങ്കേതിക കാര്യങ്ങൾ പൊതു ജനങ്ങൾക്ക് മനസിലാക്കണമെന്നില്ല. ആധികാരികമായി പറയാവുന്നവരുടെ അഭിപ്രായങ്ങൾ കേട്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. ഭാരപരിശോധന നടത്താൻ സർക്കാർ തയാറാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത ഐ.ഐ.ടി ഡൽഹിയിലെ കോൺക്രീറ്റ് വിദഗ്ദ്ധൻ ഡോ. സുപ്രാറ്റിക് ഗുപ്ത, എസ്.ടി.യു.പി കൺസൾറ്റന്റ്സ് ഡയറക്ടർ സാമുവൽ അൻപ് തോമസ്, സ്ട്രക്ചറൽ കൺസൾട്ടന്റ് ഡോ. അനിൽ ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. പാലം നിർമ്മാണം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നടപ്പാക്കാവുന്നതല്ലെന്ന് സർക്കാർ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
എസ്. ഐ പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ രഘുചന്ദ്രൻ നായർ മോഡേററ്ററായിരുന്നു. അഡ്വ. ഹരീഷ് വാസുദേവൻ, പരിസ്ഥിതി എൻജിനീയർ പി.ഇസഡ് തോമസ്, അബാദ് ബിൽഡേഴ്‌സ് എം.ഡി ഡോ. നജീബ് സക്കറിയ തുടങ്ങിയവർ സംസാരിച്ചു.