കൊച്ചി: വരുംകാല വാഹന ഇന്ധനമായ വൈദ്യുതി സുലഭമായി നൽകാൻ കൊച്ചിയിലുൾപ്പെടെ ജില്ലയിൽ വൈദ്യുതി ബോർഡ് ഇ - ചാർജിംഗ് സ്റ്റേഷനുകൾ തുറക്കും. എറണാകുളം കലൂർ സബ് സ്റ്റേഷനിലാണ് ആദ്യകേന്ദ്രം.

വാഹനങ്ങൾക്ക് വൈദ്യുതി നൽകുന്നതിലൂടെ വരുമാനവും കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നു.

സംസ്ഥാനത്ത് ആദ്യഘട്ടമായി ആറും പിന്നീട് 64 ഉം ചാർജിംഗ് സ്റ്റേഷനുകൾ തുറക്കാനാണ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ തീരുമാനം. ആദ്യത്തെ ആറു സ്റ്റേഷനുകളിൽ ഒന്നാണ് കലൂരിലേത്. അന്തിമഅനുമതി ലഭിച്ചാൽ രണ്ടു മാസത്തിനകം സൗകര്യം ഒരുക്കാൻ കഴിയുമെന്ന് കലൂർ സബ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.

വൈദ്യുതി ബോർഡ് നൽകുന്ന സ്ഥലത്ത് സ്വകാര്യ സംരംഭകരാകും സ്റ്റേഷൻ ഒരുക്കുക. ഇതിനുള്ള ട‌െൻഡർ നടപടികൾ തുടരുന്നു. സങ്കേതിക വിഷയങ്ങൾ ബോർഡ് പരിശോധിച്ചുവരികയാണ്.

ലൊക്കേഷൻ :

കലൂർ ജെ.എൻ.എൽ മെട്രോ സ്റ്റേഷന് പിന്നിൽ

മികവുകൾ :

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്ന്

കലൂർ - പാലാരിവട്ടം പ്രധാന റോഡരുകിൽ

ബോർഡിന് സ്വന്തമായി എട്ടേക്കർ സ്ഥലം

ഒന്നിലേറെ വാഹനങ്ങൾ ഒരേ സമയം ചാർജ് ചെയ്യാം

വലിയ വാഹനങ്ങളും സൗകര്യപ്രദം

വൈദ്യുതി സുലഭമായി ലഭിക്കും

ചാർജിംഗ്

യൂണിറ്റിന് 5 രൂപ

കാർ ബാറ്ററി ചാർജിന് 100 രൂപ

ചാർജിംഗ് സമയം

20 കിലോവാട്ടിന്റെ ബാറ്ററി നിറയാൻ 1 മണിക്കൂർ

ഒരു ബാറ്ററിയിൽ ഓടാവുന്നത് : 150 കിലോമീറ്റർ

നടപടി മുന്നോട്ട്

ട്രാൻസ്‌മിഷൻ വിഭാഗമാണ് ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നത്. സ്ഥലം ഉൾപ്പെടെ സൗകര്യങ്ങൾ സ്ഥലത്തുണ്ട്. പദ്ധതി സംബന്ധിച്ച് ഏതാനും യോഗങ്ങൾ നടന്നുകഴിഞ്ഞു.

കെ. സജീവ്കുമാർ

അസിസ്റ്റന്റ് എൻജിനീയർ

കലൂർ ഡിവിഷൻ

വൈദ്യുതിയുണ്ട്, വണ്ടിയില്ല

വാഹനങ്ങൾക്ക് വൈദ്യുതി നൽകാൻ പെട്രോൾ പമ്പിൽ തുറന്ന സ്റ്റേഷൻ ആരും ഉപയോഗിക്കുന്നില്ല. സാങ്കേതികമായ തടസങ്ങളാണ് കാരണം. ഇടപ്പള്ളി ടോളിലെ ഐ.ഒ.സി പമ്പിൽ മാസങ്ങൾക്ക് മുമ്പ് തുറന്ന സ്റ്റേഷനാണ് കാര്യമായി ആരും ഉപയോഗിക്കാത്തത്.

പവർ ഗ്രിഡ് കോർപ്പറേഷൻ തിരുവനന്തപുരത്തും കൊച്ചിയിലും തുറന്ന ചാർജിംഗ് സ്റ്റേഷനുകളിൽ ഒന്നാണ് ഇടപ്പള്ളിയിലേത്. വാഹന ഡ്രൈവർക്ക് സ്വന്തമായി ചാർജ് ചെയ്യാവുന്ന സംവിധാനമാണ്.

ഒരു കമ്പനിയുടെ വാഹനങ്ങളിലയേ്ക്ക് മാത്രം ബന്ധിപ്പിക്കാവുന്ന വിധത്തിലാണ് സംവിധാനം. ഈ കമ്പനിയുടെ ഏതാനും വാഹനങ്ങൾ ചാർജ് ചെയ്യാൻ എത്തിയതല്ലാതെ മറ്റാരും വരുന്നില്ലെന്ന് പമ്പ് അധികൃതർ പറഞ്ഞു.

ഓൺലൈൻ ഓപ്പറേഷൻ

പമ്പ് ജീവനക്കാരുടെ സഹായമില്ലാതെയാണ് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തിക്കുക. പവർ ഗ്രിഡ് കോർപ്പറേഷന്റെ ഓൺലൈൻ സംവിധാനം വഴി പണവും അടയ്ക്കാം. പണം നൽകിയുള്ള ഇടപാടില്ല. പമ്പുടമയ്ക്ക് പവർ ഗ്രിഡാണ് നിശ്ചിത തുക നൽകുന്നത്.