അവിനാശിയിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ഉമ്മൻചാണ്ടി
കൊച്ചി: അവിനാശി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞ രണ്ട് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും കുടുംബത്തിനുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉടനെ കത്തു നൽകും. ജീവനക്കാരുടെ കുടുംബത്തിനുള്ള ആശ്രിത നിയമനം വൈകരുത്.അപകടത്തിൽ മരണമടഞ്ഞവരുടെ വീടുകളിലെത്തി മാതാപിതാക്കളേയും ബന്ധുക്കളേയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇടപ്പള്ളി പോണേക്കര ഇന്ദിരാ റോഡിൽ സാരംഗിൽ ഐശ്വര്യ(28), തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര തോപ്പിൽ ഗോപിക(25), തൃപ്പൂണിത്തുറ തിരുവാണിയൂർ ശ്രീശങ്കരം പി. ശിവശങ്കർ (27), പിറവം വെളിയനാട് വാളകത്തിൽ ബൈജു(42), പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി വളവനായത്ത് വി.ഡി ഗിരീഷ്(44), അങ്കമാലി തുറവൂർ കിടങ്ങേൽ ജിസ്‌മോൻ ഷാജു(21), അങ്കമാലി കളിയിക്കൽ എം സി കെ മാത്യു(30) എന്നിവരുടെ വീടുകളാണ് ഉമ്മൻ ചാണ്ടി ഇന്നലെ സന്ദർശിച്ചത്.
മുൻമന്ത്രി കെ.ബാബു, എം.എൽ.എമാരായ വി.പി സജീന്ദ്രൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, കോൺഗ്രസ് നേതാക്കളായ ബി.എ. അബ്ദുൾ മുത്തലിബ്, ജയ്‌സൺ ജോസഫ്, സക്കീർ ഹുസൈൻ, ടോണി ചമ്മിണി തുടങ്ങിയവരും ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു.