bus

കൊച്ചി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പാക്കണമെന്നും വാഹനങ്ങളുടെ രൂപ മാറ്റത്തിനും ഉപയോഗ മാറ്റത്തിനുമുള്ള അപേക്ഷകളിൽ കൃത്യമായി പരിശോധന നടത്തി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. യാത്രാ ബസ് രൂപമാറ്റം വരുത്തി സ്കൂൾ ബസാക്കാൻ അനുമതി തേടുന്ന അപേക്ഷ അധികൃതർ നിരസിച്ചതിനെതിരെ ഒറ്റപ്പാലം അടക്കപുത്തൂർ പി.ടി.ബി സ്മാരക എച്ച്.എസ്.എസ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. 2018 മാർച്ചിൽ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ മോട്ടോർ വാഹന നിയമവും ചട്ടവും അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ചു മാത്രമേ വാഹനത്തിന്റെ ഉപയോഗ മാറ്റത്തിൽ തീരുമാനം എടുക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണമെന്നും സിംഗിൾബെഞ്ച് പറഞ്ഞു. സ്കൂൾ അധികൃതരുടെ അപേക്ഷ അധികൃതർ നിയമപരമായി പരിഗണിച്ചു തീർപ്പാക്കാനും കോടതി നിർദ്ദേശിച്ചു. കേസിൽ ട്രാൻസ്പോർട്ട് കമ്മിഷണറെ സ്വമേധയാ കക്ഷി ചേർത്ത സിംഗിൾബെഞ്ച് വാഹന പരിശോധനയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് ഏപ്രിൽ നാലിനകം റിപ്പോർട്ട് നൽകാനും പറഞ്ഞിട്ടുണ്ട്.

മറ്റ് നിർദ്ദേശങ്ങൾ

 നിയമാനുസൃതമല്ലാത്ത ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ അനുവദിക്കരുത്.

 ലൈറ്റുകൾക്കു പുറമേ സിഗ്നൽ ലൈറ്റുകളും റിഫ്ളക്ടറുകളും ഉണ്ടെന്ന് ഉറപ്പാക്കണം.

 നമ്പർ പ്ളേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും സ്പഷ്ടവും വ്യക്തവുമായിരിക്കണം.

 നമ്പർ പ്ളേറ്റിൽ മറ്റു ചിഹ്നങ്ങളോ ചിത്രങ്ങളോ പാടില്ല.

 ഗ്ളാസുകളിൽ കർട്ടനുകളോ സ്റ്റിക്കറുകളോ പാടില്ല.

 ഇത്തരത്തിലുള്ളത് സർക്കാർ വാഹനമാണെങ്കിലും നടപടിയെടുക്കാം

 ബസിന്റെ ബോഡിയിൽ പരസ്യങ്ങളും എഴുത്തുകളും പാടില്ല.

 സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനത്തിലല്ലാതെ ഒൗദ്യോഗിക കൊടിയും സ്റ്റാറും പാടില്ല.

 അശോക ചക്രവും പതാകയും വാഹനങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം.