കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതിയായ എസ്.ഐ. കെ.എം. സാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യശേഷം സി.ബി.ഐ സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം വൈദ്യ പരിശോധന പൂർത്തിയാക്കി സാബുവിനെ ഇന്നലെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി. സാബുവിന് നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി ഇതു റദ്ദാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സാബുവിനെ സി.ബി.ഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പീഡിപ്പിക്കാൻ മേലുദ്യോഗസ്ഥരുടെ പ്രേരണയുണ്ടായിരുന്നോ എന്ന് അറിയാനാണ് സി.ബി.ഐ സംഘം സാബുവിനെ കസ്റ്റഡിൽ ചോദ്യം ചെയ്യാൻ വാങ്ങിയത്. മേലുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമാണ് രാജ്കുമാറിനെ താൻ കസ്റ്റഡിയിലെടുത്തതെന്ന് സാബു നേരത്തെ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിലാണ് സാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.