കൊച്ചി: അടിയ്ക്കടി ഉണ്ടാകുന്ന തീപിടിത്തം ഉൾപ്പെടെ ബ്രഹ്മപുരം മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ 28ന് പ്രത്യേക കൗൺസിൽ യോഗം ചേരുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. പ്ലാന്റിലെ അഗ്നിബാധ അട്ടിമറിയാണെന്ന മേയറുടെ പ്രസ്താവനയിൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടു. തീപിടിത്തം ഉണ്ടായ സമയത്ത് കാമറകൾ പ്രവർത്തിച്ചിരുന്നോ അതിന്റെ ഫുട്ടേജ് ലഭ്യമാണൊ എന്ന് പ്രതിപക്ഷ കൗൺസിലർ പി എസ് പ്രകാശൻ ചോദിച്ചു. ഫുട്ടേജുകൾ കണ്ട ശേഷമാണ് മേയർ അട്ടിമറി സാദ്ധ്യതയെന്ന് പറഞ്ഞതെങ്കിൽ ആരാണ് തീപിടിത്തത്തിന് പിന്നിലെന്ന് മേയർ വ്യക്തമാക്കണം. കാമറകൾ പ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ കാരണം വിശദീകരിക്കണമെന്നും പ്രകാശൻ പറഞ്ഞു. അഗ്നിബാധയുടെ സമയത്ത് എൽ.ഡി.എഫുകാരിയായ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയ്ക്ക് ബ്രഹ്മപുരം സന്ദർശിക്കാൻ വാഹനം ലഭ്യമാകാതിരുന്നതിലും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു.

അദ്ധ്യക്ഷയുടെ വാഹനം കേടായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. പരാതിപ്പെട്ടപ്പോൾ ആർ.ഡി.ഒ യോട് പറഞ്ഞാൽ മതിയെന്നായിരുന്നു സെക്രട്ടറിയുടെ മറുപടിയെന്ന് ഷീബാലാൽ പറഞ്ഞു. സെക്രട്ടറിയുടെ ധിക്കാരപൂർവ്വമായ മറുപടിയിലും കൗൺസിലർമാരോടുള്ള അപമര്യാദയായ പെരുമാറ്റത്തിലും ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാറും അതൃപ്തി അറിയിച്ചു.

# നിർദേശങ്ങൾ നടപ്പാക്കി:

മേയർ
. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശ പ്രകാരം പ്ളാന്റിൽ കാമറകൾ സ്ഥാപിച്ചു. സെക്രട്ടറി, എൻവയോൺമെന്റൽ എൻജിനിയർ, ഹെൽത്ത് സെക്രട്ടറി എന്നിവരുടെ മൊബൈൽ ഫോണുമായി കാമറകളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഫുട്ടേജുകൾ ലഭ്യമാണ്. തീപിടിത്തം ഉണ്ടായ ദിവസത്തെ ഫുട്ടേജുകൾ പരിശോധിക്കും. വെള്ളം നിറയ്ക്കുന്നതിനായി മൂന്ന് മോട്ടോറുകൾ സ്ഥാപിച്ചു . ലീച്ചറ്റ് പ്ലാന്റിന്റെ പണി പൂർത്തിയായി വരുന്നതേയുള്ളു. സാധാരണ ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് മാലിന്യം നനയ്ക്കുന്നത്.എന്നാൽ ഇത്തവണ ഡിസംബർ ഒടുവിൽ ആരംഭിച്ചു. തീപിടിത്തം ഉണ്ടായ ദിവസവും പ്ളാസ്റ്റിക് മാലിന്യം നനച്ചിരുന്നു. 2019ൽ തീപിടിത്തം ഉണ്ടായപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് നൽകിയെങ്കിലും പൊലീസ് അന്വേഷണം മാത്രമാണ് ഉണ്ടായതെന്ന് മേയർ മറുപടി പ്രസംഗത്തിൽ പറഞ്ഞു