ആലുവ: പൂവും, എള്ളും, നറുക്കിലയും കൊണ്ട് നിറഞ്ഞ് ഒഴുകിയ പെരിയാർ പതിനായിരങ്ങളുടെ ഓർമ്മകൾക്ക് മോക്ഷപ്രാപ്തിയേകി. ശിവപഞ്ചാക്ഷരി മന്ത്രങ്ങൾ ചൊല്ലി പൂർവ്വികർക്ക് സമർപ്പിച്ച ബലിപിണ്ഡവുമായി പൂർണ്ണാനദിയുടെ പവിത്രതയിൽ മുങ്ങാൻ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ശിവരാത്രി നാളിൽ അർദ്ധ രാത്രി തുടങ്ങിയ വിശ്വാസികളുടെ ഒഴുക്ക് ശനിയാഴ്ച നേരം പുലർന്നിട്ടും തുടർന്നു.

ഇന്ന് കുംഭമാസത്തിലെ അമാവാസിയായതിനാൽ പകൽ പത്ത് മണി വരെ ബലിതർപ്പണം നടത്താം. പൊലീസ് കർശനമായ സുരക്ഷാ സംവിധാനമാണ് മണപ്പുറത്ത് ഒരുക്കിയത്. ശിവരാത്രി മണപ്പുറത്ത് തീർത്ത താത്കാലിക നഗരസഭ ഓഫീസിൽ ചേർന്ന കൗൺസിൽ യോഗം ഇന്നലെ പുലർച്ചെയാണ് പിരിച്ചു വിട്ടത്.
ശിവരാത്രി കഴിഞ്ഞാലും, ആലുവ മണപ്പുറം ഒരു മാസകാലം കാലത്തോളം സജീവമായി ഉണ്ടാകും. ഈ സമയത്ത് നടക്കുന്ന ആലുവ നഗരസഭയുടെ വ്യാപാര മേളയിലും, ദൃശ്യോത്സവം കലാസാംസ്‌കാരിക മേളയിലും ജാതിമത ഭേദമെന്യേ നിരവധി പേർ പങ്കാളികളാകും. സന്ദർശകരെ രസിപ്പിക്കാനായി അമ്യൂസ്‌മെന്റ് പാർക്കും വടക്കെ മണപ്പുറത്ത് തീർത്തിട്ടുണ്ട്.

ശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ തുറന്ന കേരളകൗമുദി സ്റ്റാളിലും വൻതിരക്ക് അനുഭവപ്പെട്ടു. കേരളകൗമുദി പ്രസിദ്ധീകരണങ്ങളും ശിവരാത്രി സംബന്ധിച്ച വിവരങ്ങളും സ്റ്റാളിൽ ലഭ്യമായിരുന്നു. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ അമ്പാടി, സർക്കുലേഷൻ എക്സിക്യൂട്ടീവ് ഷാൻ തുടങ്ങിയവർ സ്റ്റാളിന് നേതൃത്വം നൽകി.