കൊച്ചി:ബ്രഹ്മപുരം പ്ളാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് 15 .71കോടി ചെലവഴിക്കാനുള്ള കൊച്ചി കോർപ്പറേഷന്റെ നീക്കം വിവാദത്തിൽ. മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് വേണ്ടത്ര യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് അജണ്ടയായി പ്രത്യക്ഷപ്പെട്ടത്. ആരോഗ്യ,ധനകാര്യ സമിതികളുടെ അറിവില്ലാതെയാണ് തീരുമാനമെന്നാണ് ആരോപണം.
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി നീക്കം ചെയ്യണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്നാണ് മാലിന്യ നീക്കത്തിനായി കോർപ്പറേഷൻ താൽപര്യപത്രം ക്ഷണിച്ചത്. 2019 ഫെബ്രുവരി 21 ന് നോട്ടിഫിക്കേഷൻ നൽകിയെങ്കിലും ആരും ടെൻഡറിൽ പങ്കെടുത്തില്ല. പിന്നീട് 2019 ആഗസ്റ്റിൽ വീണ്ടും ടെൻഡർ ക്ഷണിച്ചു. ഇതിൽ പങ്കെടുത്ത ഏക കമ്പനിയായ തമിഴ്‌നാട് ഈറോഡിലുള്ള നെപ്റ്റിയൂൺ ഓട്ടോമേഷൻ എന്ന സ്ഥാപനത്തിനാണ് കരാർ നൽകാൻ നീക്കം നടന്നത്. കമ്പനിക്ക് അനുകൂലമായ രീതിയിൽ ഉദ്യോഗസ്ഥർ വ്യവസ്ഥകൾ ലഘൂകരിച്ചെന്ന് പ്രതിപക്ഷ കൗൺസിലർ സി .കെ .പീറ്റർ ചൂണ്ടിക്കാട്ടി .
ഇത്രയും മാലിന്യം നീക്കം ചെയ്യാൻ 15,71,05,326 രൂപ കമ്പനിക്ക് പ്രതിഫലമായി നൽകണം. ഇത്രയും രൂപ കോർപറേഷൻ എവിടെ നിന്ന് കണ്ടെത്തുമെന്നാണ് പീറ്ററിന്റെ ചോദ്യം.
ആരോഗ്യ, ധനകാര്യ സ്ഥിരം സമതി കാണാതെ അജണ്ട കൗൺസിലിൽ എത്തിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥർക്കും മേയർക്കും പ്രത്യേക താൽപര്യമുണ്ടെന്നും ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കെ ജെ ആന്റണിയും, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പൂർണ്ണിമ നാരായണും ചർച്ചയിൽ പങ്കെടുത്തു. ദുരൂഹമായ ഈ കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മേയർ വിസമ്മതിച്ചു. 28 ന് നടക്കുന്ന പ്രത്യേക യോഗത്തിൽ മറുപടി നൽകാമെന്ന് പറഞ്ഞ് മേയർ ഒഴിഞ്ഞുമാറി

ഒരു ഘനമീറ്റർ മാലിന്യം നീക്കം ചെയ്യാൻ 591 രൂപ

. ബ്രഹ്മപുരത്ത് 2.63 ലക്ഷം ഘനമീറ്റർ പ്ലാസ്റ്റിക് മാലിന്യം