 ഉപേക്ഷിക്കപ്പെട്ട എയർ പിസ്‌റ്റൺ കണ്ടെത്തി

കൊച്ചി: പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ പ്രതികൾ തോക്കുമായാണ് എത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഓൾഡ് റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച എയർ പിസ്‌റ്റൺ പൊലീസ് കണ്ടെടുത്തു. തിരകളില്ലായിരുന്നു. വെടിവയ്‌ക്കുന്ന സമയത്ത് തിരകൾ നിറയ്‌ക്കുന്നതാണ് രീതി. എയർ പിസ്‌റ്റൺ ഉപയോഗിച്ച് അടുത്തുനിന്ന് വെടിവച്ചാൽ മരണം സംഭവിക്കും. ഈ തോക്കിന് ലൈസൻസ് വേണ്ട. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ തോക്ക് കൈയിലുണ്ടായിരുന്നതായി വീട്ടമ്മ മൊഴി നൽകിയിരുന്നു.

കഴിഞ്ഞദിവസം അറസ്‌റ്റിലായ ഉത്തർപ്രദേശ് സ്വദേശിയ അർബാസ് ഖാനാണ് (28) പൊലീസിന് തോക്ക് ഉപേക്ഷിച്ച സ്ഥലം കാണിച്ചു കൊടുത്തത്. കൂട്ടാളിയായ ഇമ്രാംഖാൻ ഒളിവിലാണ്. വ്യാഴാഴ്ച 12 മണിയോടെയാണ് സംഭവം. അയ്യപ്പൻകാവിൽ തനിച്ചു താമസിക്കുന്ന 86 വയസുള്ള മേരിയാണ് ആക്രമണത്തിനിരയായത്. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുപേർ വീടിനുള്ളിൽ കയറി വാതിൽ കുറ്റിയിട്ടശേഷം മേരിയെ വലിച്ചിഴച്ച് മുറിയിലെത്തിച്ചു. തുടർന്ന് തുണികൊണ്ട് കൈകാലുകൾ കെട്ടുകയും വായിൽ തുണിതിരുകുകയും ചെയ്തു. മേരിയുടെ കഴുത്തിൽക്കിടന്ന അഞ്ചുപവന്റെ സ്വർണമാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കരച്ചിൽ കേട്ട അയൽവാസികൾ ആളുകളെ വിളിച്ചുകൂട്ടിയതോടെ പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അർബാസ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്യാൻ ഇയാളെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് നോർത്ത് സി.ഐ. സിബി ടോം പറഞ്ഞു.