കൊച്ചി:ബ്രഹ്മപുരത്ത് ആശുപത്രി മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്ത് പ്രതിപക്ഷം. കളക്ടറുടെ നീക്കം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി കുറ്റപ്പെടുത്തി.
മാലിന്യ വിഷയത്തിൽ പരിസരവാസികളുടെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ യാതൊരു കൂടിയാലോചനയും ഇല്ലാതെ ആശുപത്രി മാലിന്യം സംസ്‌കരിക്കാനുള്ള നീക്കം ശരിയല്ല. ദുരന്ത നിവാരണ നിയമപ്രകാരമാണ് പ്ളാന്റിനായി മൂന്നരയേക്കർ സ്ഥലം ഏറ്റെടുത്തത് . ഐ.എം.എയാണ് പ്ലാന്റ് നിർമ്മിക്കുന്നത്. എറണാകുളം മുതൽ പാലക്കാട് വരെയുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളുടെ മാലിന്യം സംസ്കരിക്കാനാണ് നീക്കം. സർവകക്ഷി യോഗം വിളിച്ച് എല്ലാവരുടെയും അഭിപ്രായം തേടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.