salim
സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: നഗരത്തെ ഇളക്കി മറിച്ച ബഹുജന റാലിയും, പൊതു സമ്മേളനവുമായി എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നാലാം വാർഷികം ആഘോഷിച്ചു. നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻനായർ മുഖ്യാതിഥിയായി. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷനായിരുന്നു.

കേരളം മുഴുവൻ പടരുന്ന ഒരു മുന്നേറ്റത്തിനാണ് കോതമംഗലം തുടക്കം കുറിച്ചിരിക്കുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ചലച്ചിത്ര താരം സലിം കുമാർ പറഞ്ഞു. മതവും, രാഷ്ട്രീയവും മലിനമാക്കിയ സാമൂഹ്യാവസ്ഥയിലാണ് എന്റെ നാട് പോലുള്ള മുന്നേറ്റങ്ങൾ പ്രതീക്ഷ നൽകുന്നതെന്ന് സലിംകുമാർ പറഞ്ഞു.

റാലിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. ഡാമി പോൾ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതിയ പദ്ധതികൾ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പ്രഖ്യാപിച്ചു. പ്രധാന റോഡുകളിൽ ടോയ്‌ലെറ്റ് കോംപ്ലക്സ് നിർമിക്കുമെന്നും, കുടുംബത്തിലെ ഒരംഗത്തിന് മിനിമം വേതനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായിക മികവിനുള്ള ടാലന്റ് ബൂസ്റ്റർ, ഇൻഡസ്ട്രി ക്ലസ്റ്റർ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. വിപുലമായകാർഷിക മേള എല്ലാ വർഷവും നടത്തും. സ്ഥിരം കാർഷിക വിപണി, സ്കിൽ ഡവലപ്മെന്റ് സെന്റർ, ലേബർ കോൺട്രാക്ട് സൊസൈറ്റി, ബ്രാൻഡഡ് ഉൽപന്നങ്ങൾ എന്നിവ ഇക്കൊല്ലം യാഥാർത്ഥ്യമാകുമെന്നും ചെയർമാൻ വ്യക്തമാക്കി. പ്രൊഫ. കെഎം കുര്യാക്കോസ് സ്വാഗതവും, സികെ സത്യൻ നന്ദിയും പറഞ്ഞു. ഉന്നതാധികാര സമിതി അംഗങ്ങളായ ജേക്കബ് ഇട്ടൂപ്പ്, ജോർജ് അമ്പാട്ട്, കെ പി കുര്യാക്കോസ്, ജോർജ് കുര്യയപ്, ഗവേണിങ് ബോർഡ് അംഗങ്ങളായ സോമൻ പിഎ, സിജെ എൽദോസ്, പാദുഷ പിഎ, കെന്നഡി പീറ്റർ, ബേബി എംയു, സോണി നെല്ലിയാനി, കുര്യാക്കോസ് ജേക്കബ്, വൈസ് ചെയർപേഴ്സൺ ബിജി ഷിബു, വനിതാമിത്ര പ്രസിഡന്റ് ശലോമി എൽദോസ്, സെക്രട്ടറി പി.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.