kandanaru-mohanaru
ചെമ്പൂർ ഹരിഹരപുത്ര ബജൻ സമാജിന്റെ നേതൃത്വത്തിലുള്ള ശങ്കരാലയം ശാസ്തയിൽ മകരോത്സവത്തിന്റെ ഭാഗമായി ശബരിമല തന്ത്രി കണ്ഠരര് മോഹനരരുടെ നേതൃത്വത്തിൽ നടന്ന പാൽ അഷ്ടാഭിഷേകം

മുംബയ്: ശബരിമല ക്ഷേത്രം ഉൾപ്പെടെ ഒന്നിന്റെയും ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടനാ സ്ഥാപനങ്ങൾ ഇടപെടരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചെമ്പൂർ ഹരിഹരപുത്ര ബജൻ സമാജിന്റെ നേതൃത്വത്തിലുള്ള ശങ്കരാലയം ശാസ്തയിൽ മകരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സേവ് ശബരിമല കാമ്പയിനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുവതി പ്രവേശനത്തിനെതിരെ താൻ നൽകിയിരിക്കുന്ന ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് ഉടൻ അനുകൂല വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. തന്റെ ഹർജി ശബരിമല ക്ഷേത്രത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ഹിന്ദുവിന്റെയും മുസൽമാന്റെയും ക്രൈസ്തവരുടെയുമെല്ലാം ആരാധനാക്രമങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ്. ആചാരങ്ങൾ ആവശ്യമെങ്കിൽ കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് മതപണ്ഡിതന്മാരും ആചാര്യന്മാരുമാണ്. ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിന്റെ പേരിൽ വ്യക്തിപരമായ പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ല. വിശ്വാസി എന്ന നിലയിലുള്ള തന്റെ പോരാട്ടം ജീവിതാവസാനം വരെ തുടരും. മതത്തിന് അതീതമായി ഹൈന്ദവ സമുദായങ്ങൾ ഒന്നിക്കണം. ചിലർക്ക് വിശ്വാസത്തേക്കാൾ വലുത് രാഷ്ട്രീയമാണ്. പള്ളികളിലും മസ്ജിദുകളിലും രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും അവർക്ക് വിശ്വാസമാണ് വലുതെന്നുകൂടി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീഹരിഹരപുത്ര ബജൻ സമാജ് പ്രസിഡന്റ് ജയന്ത് ലാപ്‌സിയ അദ്ധ്യക്ഷത വഹിച്ചു.

ശബരിമല തന്ത്രി കണ്ഠരര് മോഹനനര്, രാഹുൽ രമേശ് ഷെവാലെ എം.പി, പ്രകാശ് പട്ടേർക്കർ എം.എൽ.എ, ഗായകൻ വീരമണിരാജു, ആലങ്ങാട് യോഗം വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, പെരിയോൻ രാജപ്പൻനായർ, സിനു ജോസഫ്, കാമ്പാങ്ങുടി കൃഷ്ണൻ ഗുരുസ്വാമി, അഖില ഭാരതീയ അയ്യപ്പപ്രചാർ സഭ ദേശീയ പ്രസിഡന്റ് കെ. അയ്യപ്പദാസ് എന്നിവർ പ്രസംഗിച്ചു. ഇവരെ ചടങ്ങിൽ ആദരിച്ചു.

മുംബയ് ശങ്കരാലയം ശാസ്തയിൽ
മകരോത്സവത്തിന് ഭക്തിസാന്ദ്ര സമാപനം

കെ.സി. സ്മിജൻ

മുംബയ്: ചെമ്പൂർ ഹരിഹരപുത്ര ബജൻ സമാജിന്റെ നേതൃത്വത്തിലുള്ള ശങ്കരാലയം ശാസ്തയിൽ ആറുദിവസം നീണ്ടുനിന്ന മകരോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിവസമായ ഇന്നലെ

ശബരിമല തന്ത്രി കണ്ഠരര് മോഹനരരുടെ നേതൃത്വത്തിൽ നടന്ന പാൽ അഷ്ടാഭിഷേകത്തിലും സ്വർണാഭിഷേകത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. വൈകിട്ട് നടന്ന ഭഗവതി സേവക്കും ശബരിമല തന്ത്രിയാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. ശബരിമല ആലങ്ങാട് യോഗം നയിച്ച പാനകപൂജയും ആകർഷകമായി.

ചെന്നൈ വീരമണി രാജു നയിച്ച അയ്യപ്പഭക്ത ഗാനസുധ ശ്രവിക്കുന്നിനും നിറഞ്ഞുകവിഞ്ഞ സദസായിരുന്നു. മിനി ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്ക് രാവിലെ മുതൽ ഭക്തർ ഒഴുകിയെത്തുകയായിരുന്നു.

ക്ഷേത്രപൂജകൾക്കും താളമേളങ്ങൾക്കുമെല്ലാം മലയാളി സാന്നിദ്ധ്യം നിറഞ്ഞുനിന്നു. കണ്ഠനര് മോഹനനര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ പ്രചാരസഭ ദേശീയ പ്രസിഡന്റ് അയ്യപ്പദാസ്, ആലങ്ങാട് യോഗം പെരിയോൻ രാജപ്പൻ നായർ, കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, സിനു ജോസഫ് എന്നിവർ ഉൾപ്പെടെ പ്രമുഖരായ നിരവധി മലയാളികളുടെ സാന്നിദ്ധ്യമുണ്ടായി. സിനു ജോസഫ് എഴുതിയ 'വുമൺ ഇൻ ശബരിമല' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

ശ്രീഹരിഹരപുത്ര ബജൻ സമാജ് പ്രസിഡന്റ് ജയന്ത് ലാപ്‌സിയ, ചീഫ് അഡ്വൈസർ എം. ചന്ദ്രമൗലീശ്വരൻ, വൈസ് പ്രസിഡന്റ് എം. വെങ്കിടേഷ്, സെക്രട്ടറി വി. രാമൻ, ട്രഷറർ ജി. വെങ്കിടാചലം, വനിതാവിംഗ് പ്രസിഡന്റ് മീര രാമൻ, കമ്മിറ്റി അംഗങ്ങളായ കെ.എൻ. ചന്ദ്രശേഖർ, പ്രൊഫ. ആർ.എസ്.എസ്. മണി, എൻ.ആർ. രംഗനാഥൻ, പ്രേമ സുന്ദരേശ്വരൻ, മകരോത്സവം ആഘോഷ കമ്മിറ്റി ചെയർമാൻ കെ. സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കേരളകൗമുദി പ്രത്യേക പതിപ്പ് പ്രകാശനം

മുംബയ്: ചെമ്പൂർ ഹരിഹരപുത്ര ബജൻ സമാജിന്റെ നേതൃത്വത്തിലുള്ള ശങ്കരാലയം ശാസ്തയിലെ (മിനി ശബരിമല) മകരോത്സവത്തോടനുബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച പ്രത്യകപതിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഹരിഹരപുത്ര ബജൻ സമാജ് പ്രസിഡന്റ് ജയന്ത് ലാപ്‌സിയക്ക് നൽകി പ്രകാശിപ്പിച്ചു. തുടർന്ന് വിശിഷ്ടാതിഥികളെല്ലാം സ്പെഷ്യൽ പതിപ്പ് ഏറ്റുവാങ്ങി. കേരളകൗമുദി ലേഖകൻ കെ.സി. സ്മിജൻ ചടങ്ങിൽ സംബന്ധിച്ചു.