കൊച്ചി : ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ ഉൾപ്പെട്ട സംവരണത്തെ സംബന്ധിച്ച വസ്തുതാപരമായ വിവരങ്ങൾ ശേഖരിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് എസ്.സി, എസ്.ടി റിസർവേഷൻ പ്രൊട്ടക്ഷൻ ഫോറം ആവശ്യപ്പെട്ടു.
ഭരണഘടന നിലവിൽ വന്ന് ഏഴ് പതിറ്റാണ്ടായിട്ടും സംവരണത്തിന്റെ ഗുണഭോക്താക്കളായ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ലെന്ന് കൊച്ചിയിൽ ജസ്റ്റിസ് കെ. തങ്കപ്പൻ വിളിച്ചുചേർത്ത പട്ടിക വിഭാഗ സംഘടനകളുടെ നേതൃയോഗം വിലയിരുത്തി.

സാമ്പത്തിക അസമത്വവും സാമൂഹിക അസന്തുലിതാവസ്ഥയും ഏറിവരുകയും ചെയ്യുന്ന അവസരത്തിൽ നീതിപീഠങ്ങളിൽ നിന്നും സംവരണ വ്യവസ്ഥകളുടെ അടിത്തറ ഇളക്കുന്ന വിധിന്യായങ്ങൾ ഉണ്ടാകുന്നത് അത്ഭുതമാണ്. ഉദ്യോഗ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും സംവരണം നൽകേണ്ട ബാദ്ധ്യത സംസ്ഥാനങ്ങൾക്കില്ലെന്ന് സുപ്രീം കോടതി വിധി ഒടുവിലെ ഉദാഹരണമാണ്.

ഇതിനെ മറികടക്കാൻ റിവ്യൂ പെറ്റീഷൻ നൽകുകയും പാർലമെന്റിൽ നിയമഭേദഗതി ബിൽ പാസാക്കണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ലോകസഭാ സ്പീക്കർ, മാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി, സംസ്ഥാന ഗവർണർ, സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന പട്ടിക ജാതി കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

എസ്.എസി, എസ്.ടി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. കെ. മുരളീധരൻ, പി.വി. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ മുല്ലശേരി, എ.ജി. സുഗതൻ, എ.എസ്. ദിനേശൻ, എം.കെ. വാസുദേവൻ, പി.എൻ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഫോറത്തിന്റെ ചെയർമാനായി രാമചന്ദ്രൻ മുല്ലശേരിയേയും, ജനറൽ കൺവീനറായി വിനയൻ പുരുഷോത്തമനേയും തിരഞ്ഞെടുത്തു.