metrofeeder
കൊച്ചി മെട്രോ ഫീഡർ സർവീസിന് ഇ ഓട്ടോകൾ ലഭ്യമാക്കുന്ന കരാർ ഓട്ടോസൊസൈറ്റി പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രനും കൈനറ്റിക് ഗ്രീൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ റിതേഷ് മന്ത്രിയും കൈമാറുന്നു.

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് അനുബന്ധയാത്രയ്ക്ക് 250 വൈദ്യുത ഓട്ടോറിക്ഷകൾ കൂടി എത്തുന്നു. ആലുവ മുതൽ തൈക്കൂടം വരെയുള്ള മെട്രോ സ്റ്റേഷനുകളിൽ നിന്നാണ് ഇ ഓട്ടോകൾ സർവീസ് നടത്തുക. മഹീന്ദ്രയുടെയും കൈനറ്റിക് ഗ്രീനിന്റെയും ഇ ഓട്ടോകൾ സഹകരണ സംഘമാണ് നിരത്തിലിറക്കുക.

എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘം ലിമിറ്റഡും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും കൈനറ്റിക് ഗ്രീനുമായി കൊച്ചി മെട്രോ ഫീഡർ സർവീസ് സംബന്ധിച്ച് കരാറുകൾ ഒപ്പുവച്ചു.

നിലവിൽ ഓട്ടോ സൊസൈറ്റി നടത്തുന്ന ഇ ഓട്ടോ സർവീസുകൾക്ക് യാത്രക്കാരിൽ നിന്നും ലഭിച്ച മികച്ച സഹകരണത്തിന്റെ കൂടുതൽ ഓട്ടോകൾ നിരത്തിലിറക്കുന്നത്. കൈനറ്റിക് ഗ്രീന്റെ 50 ഉം മഹീന്ദ്രയുടെ 200 ഉം ബാറ്ററി ചാർജിംഗ് ഇ ഓട്ടോളാണ് ഫീഡർ സർവീസിന് പുതുതായി ഉപയോഗിക്കുക.

ഓട്ടോ സൊസൈറ്റി പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് നാഷണൽ സെയിൽസ് ഹെഡ് ഹിമാൻഷു അഗർവാളും കരാറിൽ ഒപ്പിട്ടു. കൈനറ്റിക് ഗ്രീനുമായുള്ള കരാർ എം.ബി. സ്യമന്തഭദ്രനും കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻ കോ ഫൗണ്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റിതേഷ് മന്ത്രിയും കൈമാറി.

ഡയറക്ടർ ബോർഡ് അംഗങ്ങളായ സൈമൺ ഇടപ്പള്ളി, ബിനു വർഗീസ്, അഡ്വ. മധുസൂദനൻ, കെ.പി. സെൽവൻ, അഡ്വ.ടി.ബി. മിനി, കെ.ജി. ബിജു, ബി.ജെ.ഫ്രാൻസിസ്, വി.വി. ബ്രൈറ്റ്, എം.ബി ബിന്ദു, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് റീജിയണൽ ബിസിനസ് ഹെഡ് ജുബിൻ മാണി കുര്യൻ, കൈനറ്റിക് ഗ്രീൻ കേരള മാനേജർ മിഥുൻദാസ്, കൊച്ചി മെട്രോ സീനിയർ ഡി.ജി.എം ആദർശ് കുമാർ, മുൻ സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ബി.ജെ. ആന്റണി എന്നിവർ പങ്കെടുത്തു.