കൊച്ചി: പത്തൊമ്പതു പേരുടെ ജീവൻ നഷ്ടമായ അവിനാശി ദുരന്തത്തിന് ട്രക്കുടമകൾ മുതൽ ട്രാഫിക് പൊലീസ് വരെയുള്ളവരുടെ പണക്കൊതിയും അലംഭാവവും കാരണമായി.
കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ഇടപാടുകൾ ഇനിയും ദുരന്തങ്ങൾ വരുത്തിവയ്ക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചരക്കുവാഹനങ്ങൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കാൻ ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതാണ് റോഡുകൾ കുരുതിക്കളമാകാൻ കാരണമെന്ന് ഗതാഗത വിദഗ്ദ്ധരും പറയുന്നു.
കൊച്ചി വല്ലാർപാടം തുറമുഖത്തു നിന്ന് ടൈലുമായി സേലത്തിന് പോയ ട്രെയ്‌ലർ ലോറിയാണ് കെ.എസ്.ആർ.ടി.സി വോൾവോ ബസിലിടിച്ചത്. അമിതമായ ഭാരവും വിശ്രമമില്ലാതെ ഡ്രൈവർമാർ വാഹനം ഓടിക്കുന്നതുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് കണ്ടെയ്‌നർ മേഖലയിലെ തൊഴിലാളികൾ വ്യക്തമാക്കുന്നു. ഷിപ്പിംഗ് കമ്പനികളും ട്രക്കുടമകളും അമിതലാഭത്തിന് കാണിക്കുന്ന വീഴ്ചകളാണ് അപകടങ്ങൾക്ക് കാരണം.
# കിടമത്സരം രൂക്ഷം
ട്രക്കുടമകൾ തമ്മിൽ മത്സരം മുറുകിയതോടെ സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കുറച്ച് ചിലർ ഓട്ടം പിടിക്കും. തൊഴിലാളികൾ ഈ നിരക്കിന് ആനുപാതികമായ ബാറ്റയിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടും. ബാറ്റ കുറവാണെങ്കിലും കൂടുതൽ ദിവസം ഓട്ടം കിട്ടുന്നതിനാൽ ഡ്രൈവർക്ക് ഭേദപ്പെട്ട വരുമാനവും ലഭിക്കും. കണ്ടെയ്‌നർ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ നിശ്ചിത തുകയാണ് ഡ്രൈവർക്ക് ലഭിക്കുക. ഒരാളെക്കൂടി ഒപ്പം കൂട്ടിയാൽ വരുമാനം കുറയുമെന്നതിനാൽ പലരും തനിച്ചാണ് ലോറികൾ ഓടിക്കുന്നത്. ഇതുമൂലം വിശ്രമവും ഉറക്കവും കുറയും.
ചെറുകിട ട്രക്കുടമകളെ തകർക്കുകയും തൊഴിൽ നിയമങ്ങളും കരാറുകളും ലംഘിക്കുകയും ചെയ്യുന്നത് പതിവാണെന്ന് തുറമുഖത്തെ ട്രേഡ് യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
# നിയലംഘനം കണ്ടഭാവമില്ലതെ
കണ്ടെയ്‌നർ ലോറികളുടെ നിയമലംഘനങ്ങൾ പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുന്നതിന് പിന്നിൽ പണക്കൊതിയാണെന്നും പരസ്യമായ രഹസ്യമാണ്. അനുവദനീയമായ ഭാരത്തിലേറെ കയറ്റി തിരക്കുപിടിച്ച റോഡിലൂടെ കണ്ടെയ്‌നർ ലോറികൾ പാഞ്ഞാലും നടപടിയുണ്ടാകാറില്ല.
അമിതഭാരം കയറ്റിയാൽ അധികമായ ഒരു ടണ്ണിന് പതിനായിരം രൂപയും വീണ്ടും കൂടിയാൽ ഇരിട്ടി നിരക്കിലും പിഴ ഈടാക്കാൻ നിയമമുണ്ട്. മോട്ടോർ വാഹന വകുപ്പോ ട്രാഫിക്, ഹൈവേ പൊലീസോ അതിന് തയ്യാറാകാറില്ല.
18 ടൺ കയറ്റാൻ അനുമതിയുള്ള ലോറിയിൽ 36 ടൺ കയറ്റിയാലും കണ്ടില്ലെന്നു നടിച്ച് ട്രാഫിക്, ഹൈവേ പൊലീസുൾപ്പെടെ കൈമടക്ക് വാങ്ങുന്നു. അനുവദിച്ചതിലധികം ചരക്ക് കയറ്റാൻ വിസമ്മതിച്ചാൽ ജോലി നിഷേധിക്കുമെന്ന് ഡ്രൈവർമാർ പറയുന്നു.
# അധികൃതർ നിഷ്ക്രിയർ
ഹൈവേകളിൽ അപകടം കുറയ്ക്കാനാണ് ഹൈവേ പൊലീസ് സംവിധാനം ആരംഭിച്ചത്. നിയമങ്ങൾ ലംഘിക്കുന്ന ട്രെയ്ലർ ലോറികൾ ഉൾപ്പെടെ വാഹനങ്ങളെ പിടികൂടാനോ നിയമപടപടി സ്വീകരിക്കാനോ അവർ തയ്യാറാകുന്നില്ല. കണ്ടെയ്‌നറിന്റെ അമിതഭാരവും വിശ്രമമില്ലാതെ ഡ്രൈവർ ലോറി ഓടിച്ചതുമാണ് അവിനാശി അപകടത്തിന് കാരണമെന്ന് വ്യക്തമാണ്.
ഉപേന്ദ്രനാരായണൻ
ഡയറക്ടർ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് സേഫ്റ്റി
# ഗൗരവത്തിൽ കാണണം
ട്രക്ക് തൊഴിലാളികൾക്ക് ആവശ്യത്തിന് വിശ്രമ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്ത കൊച്ചി തുറമുഖത്തിന്റെയും ഡി.പി വേൾഡിന്റെയും നടപടികളും പ്രശ്‌നം വഷളാക്കുകയാണ്. അവിനാശി ദുരന്തത്തിലേക്ക് നയിച്ച വിഷയങ്ങളെക്കുറിച്ച് സർക്കാർ ഗൗരവപൂർവം പരിശോധിക്കണം.
ചാൾസ് ജോർജ്
ജനറൽ കൺവീനർ
ട്രേഡ് യൂണിയൻ കോ ഓർഡിനേഷൻ കമ്മിറ്റി
# നിയലംഘനത്തിന്റെ കുരുതി
ഡി.പി.വേൾഡ്, തുറമുഖ ഉദ്യോഗസ്ഥർ, ട്രാഫിക് പൊലീസ്, ലേറിയുടമ, ലോജിസ്റ്റിക് കമ്പനി എന്നിവർ ചേർന്ന് നടത്തിയ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ബലിയാണ് അവിനാശി കൂട്ടക്കുരുതി.
ടി.സി. സുബ്രഹ്മണ്യൻ
സി.പി.ഐ എം.എൽ റെഡ് ഫ്ളാഗ്