ആലുവ: സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ പ്രകാശനമാണ് ആശാന്റെ സീതയെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗവും സചേതന ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ചിന്താവിഷ്ടയായ സീതയുടെ 100 വർഷങ്ങൾ എന്ന പരിപാടിയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമകാലീന സാഹചര്യത്തിലാണ് സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതെങ്കിലും 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ പുരുഷാധികാരത്തിനെതിരെ ശബ്ദമുയർത്തുവാൻ സീതയിലൂടെ ആശാന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ.ശാലിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൻസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജി നീലീശ്വരം, നിഖിത സേവ്യർ, കെ.എ. രാജേഷ്, സചേതന സെക്രട്ടറി എം.പി. റഷീദ് , മരിയ പോൾ, അലീന ആന്റണി എന്നിവർ സംസാരിച്ചു. കെ.ബി. സൂര്യ ചിന്താവിഷ്ടയായ സീത കവിതാലാപനം നടത്തി.