ആലുവ: അടയാളം പുരുഷ സ്വയംസഹായസംഘം നാടിന് അഭിമാനമായി ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. സംഘം ചൂർണിക്കരയിൽ നടത്തുന്ന ആഴ്ചച്ചന്തയുടെ 50- ാംവാരം പിന്നിട്ടതിന്റെ ഭാഗമായി വിപുലമായി ആഘോഷച്ചന്ത സംഘടിപ്പിച്ചു. ചൂർണിക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയായിരുന്നു ആഘോഷച്ചന്ത.
ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് വ്യാപാരോത്സവം ഉദ്ഘാടനം ചെയ്തു. അടയാളം പ്രസിഡന്റ് ടി.എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടി, സുധാ കൂമാരി, റംല റഷീദ, സി.പി. നൗഷാദ്, മനോജ് പട്ടാട്, ടി.കെ സലാം എന്നിവർ സംസാരിച്ചു.
ചവർപാടത്തും കട്ടേപ്പാടത്തും നിന്നും അടയാളം പുരുഷ സ്വയംസഹായസംഘം ഉത്പാദിപ്പിച്ച ചൂർണിക്കര കുത്തരിയുടെ വിതരണോദ്ഘാടനവും നടന്നു. അടയാളം അംഗങ്ങളായ ഷമീർ സ്വാഗതവും അനസ് കൊച്ചി നന്ദിയും പറഞ്ഞു.
100 ഏക്കറിലായിരുന്നു അടയാളം പ്രവർത്തകർ ഇത്തവണ ചവർപാടത്തും കട്ടേപ്പാടത്തുമായി കൃഷിയിറക്കിയത്. 55 രൂപയാണ് ഒരു കിലോ ചൂർണിക്കര കുത്തരിയുടെ വില. വെള്ളി, ശനി, ഞായർ ദിവങ്ങളിലായാണ് ചൂർണിക്കര ഹെൽത്ത് സെന്ററിന് സമീപം വ്യാപാരോത്സവം നടക്കുന്നത്. അടയാളം ചൂർണിക്കര കുത്തരി ഉത്പന്നങ്ങൾക്ക് പുറമെ നിരവധി കുടുംബശ്രീ സ്റ്റാളുകളും വ്യാപാരോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്.