കളമശേരി : ലൈഫ് പദ്ധതിയിൽ ഭവനരഹിതർക്ക് വീട് പണിയാനായി കോടികൾ ചിലവഴിച്ച് കളമശേരി നഗരസഭ വാങ്ങുന്ന രണ്ടേക്കറിൽ പകുതിയും പാഴ്ഭൂമി.
മറ്റക്കാട് കുറൂപ്ര മലയിൽ രണ്ടു വശങ്ങളിൽ മണ്ണെടുത്ത ഭൂമിയാണിത്. നിരപ്പുള്ളിടം മഴക്കാലത്ത് ചതുപ്പുമാകും. ചരിവ് ക്രമപ്പെടുത്തുമ്പോഴാണ് പകുതിയോളം ഭൂമി നിർമ്മാണത്തിന് യോജിക്കാതെ വരിക.
വിലക്കുറവിന്റെ പേരിൽ ഈ ഭൂമി തന്നെ വാങ്ങണമെന്ന നിലപാടിലാണ് ഭരണസമിതി. ഏതാനും അംഗങ്ങളുടെ ലാഭക്കൊതിയാണ് ഈ താല്പര്യത്തിന് പിന്നിലെന്നാണ് സൂചന. ലൈഫ് പദ്ധതിയായതിനാൽ വില നിർണ്ണയത്തിനും അനുമതിക്കുമായി ഫയൽ ഇപ്പോൾ കളക്ടറുടെ മേശപ്പുറത്താണ്.
രണ്ടേക്കറിന് രണ്ടു കോടി കമ്മീഷനോ?
ഈ ഭൂമി കച്ചവടത്തിൽ ഭരണ സമിതിയിലെ പ്രമുഖർക്ക് ലഭിക്കുന്നത് രണ്ട് കോടി കമ്മീഷനാണെന്നും ആരോപണമുയർന്നിട്ടുണ്ട്. സെന്റിന് ഒന്നര ലക്ഷത്തിന് പോലും വാങ്ങാനാളില്ലാതിരുന്ന ഭൂമിയാണ് നഗരസഭ 2.60 ലക്ഷം രൂപയ്ക്ക് വാങ്ങുന്നതെന്നാണ് ആരോപണം. അൻപത് അടി താഴ്ചയിൽ ഖനനം നടത്തിയ ഭൂമിയാണിത്. കെ.എസ്. ഇ.ബിയുടെ ടവർ ലൈനും കടന്ന് പോകുന്നുണ്ട്.
പത്രപരസ്യം വഴിയാണ് നഗരസഭ ഈ രണ്ടേക്കർ ഭൂമി കണ്ടെത്തിയത്. രണ്ട് ഭൂവുടമകൾ കൂടി ടെണ്ടർ നൽകിയിരുന്നു.
മറ്റൊരു കവളപ്പാറയാകുമോ?
മണ്ണെടുത്ത് അമ്പത് അടിയോളം ഉയരവ്യത്യാസമുള്ള ഭൂമിയിലേക്ക് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. 1995ൽ മണ്ണെടുക്കവേ മലയിടിഞ്ഞ് ആറ് പേർ മരിച്ചയിടം കൂടിയാണ് ഈ ഭൂമി.
ചിത്രം:
നഗരസഭ ലൈഫ് പദ്ധതിയ്ക്ക് വാങ്ങുന്ന മറ്റക്കാട് കുറൂപ്ര മലയിൽ രണ്ടേക്കർ ഭൂമിയുടെ സാറ്റലൈറ്റ് ചിത്രം