കൊച്ചി: പൗരത്വഭേദഗതി നിയമം നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് ആഗോള അജണ്ടയുടെ ഭാഗമാണെന്ന് എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജത്വ ശക്തികളുടെ ചില ലക്ഷ്യങ്ങൾ ഇതിൽ മറഞ്ഞിരിക്കുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്ന നിലപാടുകൾക്കെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം എറണാകുളം വഞ്ചി സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മേനക ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. സമ്മേളനത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി സി. സഞ്ജിത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്, സിനിമാ സംവിധായകൻ ബിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.