വൈപ്പിൻ : അയ്യമ്പിള്ളി സെന്റ് ജോൺസ് പള്ളിയിൽ ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് കുർബാന നടത്തി. പള്ളിക്ക് അകത്ത് ഓർത്തഡോക്‌സുകാർ കുർബാന അർപ്പിച്ചപ്പോൾ അകത്ത് കടക്കാനാകാത്ത യാക്കോബായ വിഭാഗക്കാർ പള്ളിമുറ്റത്ത് കുർബാന അർപ്പിച്ചു.
ഇതുവരെ ഇരുവിഭാഗക്കാരും മാറി മാറി ഒന്നിടവിട്ട ഞായറാഴ്ചകളിൽ കുർബാന നടത്തി വരികയായിരുന്നു. എന്നാൽ സുപ്രീംകോടതി വിധിപ്രകാരം പള്ളിയുടെ അധികാരം ഓർത്തഡോക്‌സുകാർക്കായി. ഇതിനിടെ പള്ളി വാതിലിന്റെ താഴിൽ ഈയം ഒഴിച്ച് പള്ളി തുറക്കാനാകാത്ത സ്ഥിതി വന്നപ്പോൾ ഓർത്തോഡ്ക്‌സുകാർ പൂട്ട് തല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്. തുടർന്ന് ഇന്നലെ രാവിലെ കുർബാന നടത്തുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഒടുവിൽ യാക്കോബായക്കാർ പള്ളിമുറ്റത്തെ വൃക്ഷച്ചുവട്ടിൽ കുർബാന അർപ്പിച്ചു മടങ്ങി. സംഘർഷ സ്ഥിതി കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം പള്ളി മുറ്റത്ത് നിലയുറപ്പിച്ചിരുന്നു.