su-has
ചെത്തിക്കോട് കോസ്റ്റ് ഗാർഡ് നിയമിക്കാൻ ഉദ്ദേശിക്കുന്ന എയർ എൻക്ലേവ് പ്രാദേശിക വാസികൾക്ക് ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗം

അങ്കമാലി : ചെത്തിക്കോട് കോസ്റ്റ് ഗാർഡ് സ്ഥാപിക്കാനുദ്ദേശിക്കുന്ന എയർ എൻക്ലേവ് പ്രദേശവാസികൾക്ക് ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റ് ഗാർഡ് അധികൃതർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാതെ നേരത്തെ തുടങ്ങിയ നിർമ്മാണം വാർഡ് കൗൺസിലർ വിനിത ദിലീപിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.

വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രൈനേജ് സംവിധാനം, മുറിഞ്ഞു പോകുന്ന ജലസേചന കനാലിന് ബദൽ സംവിധാനം എന്നീ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിച്ചത്. ഇതിന് പരിഹാരം കാണാൻ ജില്ലാ കളക്ടർ എസ്.സുഹാസ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. കോസ്റ്റ് ഗാർഡ് പുതിയതായി നിർമ്മിക്കുന്ന കാനയുടേയും കനാലിന്റെയും സാങ്കേതികവശങ്ങൾ പരിശോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗത്തെ കളക്ടർ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കളക്ടർമാർ, കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ, ആലുവ തഹസിൽദാർ, വില്ലേജ് ഓഫീസർ, കൗൺസിലർ ബിനിത ദിലീപ്, മുൻ ചെയർപേഴ്സൺ വത്സല ഹരിദാസ്, മുൻ കൗൺസിലർമാരായ കെ.ഐ. കുരിയാക്കോസ്, ടി.ജി.ബേബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.