കൊച്ചി: കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയ്ക്കായി കലാസാഗർ ഏർപ്പെടുത്തിയ പതിനൊന്നാമത് പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരൻമാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച പതിനേഴുപേരെയാണ് കലാസാഗർ പുരസ്‌കാരം നലൽകി ആദരിക്കുന്നത്. 40 നും 70 നും ഇടയ്ക്ക് പ്രായമുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരൻമാരും ആയിരിക്കണം.
കലാസാഗർ സ്ഥാപകനും ലോകപ്രശസ്ത കഥകളിച്ചെണ്ട കലാകാരനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ 96-ാം ജന്മവാർഷികം മേയ് 28ന് കുന്ദംകുളം കഥകളി ക്ലബിന്റെ സഹകരണത്തോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായി പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. നാമനിർദേശങ്ങൾ
ഏപ്രിൽ 28നു മുമ്പ് ലഭിക്കത്തക്കവണ്ണം നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ 679523 എന്ന വിലാസത്തിൽ അയക്കണം.