പറവൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് നാളെ (ചൊവ്വ) നടക്കും. നാൽപ്പത്തൊന്ന് ദിവസത്തെ വലിയവിളക്ക് മഹോത്സവത്തിന് ജനുവരി പതിനാലിന് കൊടിയേറിയ ശേഷം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കലംപൂജ, തേണ്ട് നിവേദിക്കൽ എന്നി ചടങ്ങുകൾക്ക് ദിവസവും നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്. ഇന്ന് വൈകിട്ട് 5ന് നൃത്തോത്സവം, രാത്രി 9ന് ചുണ്ടാണിക്കാവ് ഭഗവതി ക്ഷേത്രതാലാഘോഷ സമിതിയുടെ താലം എഴുന്നള്ളിപ്പ്, 9.30ന് നന്ത്യാട്ടുകുന്നം ഉദയം സാംസ്കാരിക സമിതിയുടെ താലം എഴുന്നള്ളിപ്പ്, രാത്രി 10ന് കഥകളി - ദക്ഷയാഗം.
വലിയവിളക്ക് മഹോത്സവദിനമായ നാളെ (ചൊവ്വ) രാവിലെ 7ന് ദേവീഭാഗവത പാരായണം, 11.30ന് പ്രസാദഊട്ട്, ഉച്ചയ്ക്ക് പന്ത്രണ്ടിന് വെളങ്ങനാട്ട് പറ, വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം ജസ്റ്റിസ് സുനിൽ തോമസ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, വി.ഡി. സതീശൻ എം.എൽ.എ, ഡി. രാജ്കുമാർ, ഗീതാ പ്രതാപൻ, കെ.കെ. നാരായണൻ, ടി.വി. നിഥിൻ, സി.എ. രാജീവ്, ടി.കെ. ഉദയഭാനു തുടങ്ങിയവർ സംസാരിക്കും. രാത്രി 9ന് കെടാമംഗലം - നന്ത്യാട്ടുകുന്നം കുടുംബ സമാജത്തിന്റെ പടയണി, 9.30ന് ഭക്തിഗാനലയം, 12.30ന് ഇളനീരാട്ടും വിശേഷാൽപൂജയും, ഒരുമണിക്ക് പുറത്തേക്കെഴുന്നള്ളിപ്പും താലവും, പുലർച്ചെ 3ന് വലിയവിളക്ക് എഴുന്നള്ളിപ്പ്. സ്വാമി വിശുദ്ധാനന്ദ വലിയവിളക്കിന്റെ തലപ്പന്തം തെളിക്കും. 4.30ന് ഗുരുതി, കൊടിയിറക്കലിനു ശേഷം നടയടക്കും.
മാർച്ച് 3ന് നടതുറപ്പ് മഹോത്സവം. രാവിലെ നിർമ്മാല്യദർശനവും ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകിട്ട് തായമ്പകയും നടക്കും.