കോലഞ്ചേരി :പട്ടിമ​റ്റം പത്താം മൈൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാങ്കോട് നടന്ന സമരം റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകർക്ക് വധ ഭീഷണി. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.സി.വി ചാനൽ റിപ്പോർട്ടർ സാം കുന്നത്ത് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. മൂവാ​റ്റുപുഴ ഡിവൈ.എസ് .പി കെ അനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം പുത്തൻ കുരിശ് പൊലീസ് സാം കുന്നത്തിന്റേയും കോലഞ്ചേരി റിപ്പോർട്ടർ സനൂപിന്റേയും മൊഴിയെടുത്ത് കേസ് രജിസ്​റ്റർ ചെയ്തു. ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ഫോണിലൂടെ അസഭ്യവർഷവും ഭീഷണിയും മുഴക്കിയത്. ഹി​റ്റ് മേക്കേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. കു​റ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പുത്തൻ കുരിശ് സി.ഐ സാജൻ സേവ്യർ അറിയിച്ചു.കേരള ജേർണലിസ്​റ്റ് യൂണിയനും കോലഞ്ചേരി, കിഴക്കമ്പലം, പെരുമ്പാവൂർ പ്രസ് ക്ലബുകളും പ്രതി​ഷേധി​ച്ചു.