guppy
ഇന്ത്യൻ ഗപ്പി ക്ലബ് ചെറായിയിൽ സംഘടിപ്പിച്ച പ്രഥമ ഓൾ ഇന്ത്യ ഗപ്പി മത്സരമായ ഇന്ത്യൻ ഗപ്പി ചലഞ്ചിൽ ഗ്രാൻഡ് ചാമ്പ്യനായ കണ്ണൂർ സ്വദേശി കെ.പി. അക്ഷയിന് ജി സി ഡി എ ചെയർമാൻ വി. സലിം ട്രോഫി സമ്മാനിക്കുന്നു

വൈപ്പിൻ : ഇന്ത്യൻ ഗപ്പി ക്ലബ് ചെറായിയിൽ സംഘടിപ്പിച്ച പ്രഥമ ഓൾ ഇന്ത്യ ഗപ്പി മത്സരമായ ഇന്ത്യൻ ഗപ്പി ചലഞ്ചിൽ കണ്ണൂർ സ്വദേശി കെ പി അക്ഷയ് ഗ്രാൻഡ് ചാമ്പ്യനായി. സഹോദരൻ അയ്യപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ ഏഴ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ചാമ്പ്യൻമാരിൽ നിന്നാണ് ഗ്രാൻഡ് ചാമ്പ്യനെ തിരഞ്ഞെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ 216 മത്സരാർത്ഥികൾ വിവിധ ഇനങ്ങളുമായി മാറ്റുരച്ചു.

ഗപ്പി എന്ന അലങ്കാര മത്സ്യവിപണിവഴി നിരവധി രാജ്യങ്ങൾ ഉയർന്ന സാമ്പത്തികനേട്ടം കൈവരിക്കുമ്പോൾ ഈ മേഖലയുടെ അനന്തസാദ്ധ്യത ബോദ്ധ്യപ്പെടുത്തുവാനാണ് മത്സരം സംഘടിപ്പിച്ചതെന്ന് ഇന്ത്യൻ ഗപ്പി ക്ലബ് പ്രസിഡന്റും അന്താരാഷ്ട്ര ജേതാവുമായ സിജു ചെറിയാൻ പറഞ്ഞു.

സമാപന ചടങ്ങിൽ പുരസ്‌കാര വിതരണവും ഇന്ത്യൻ ഗപ്പി ക്ലബ് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനവും ജി.സി.ഡി.എ ചെയർമാൻ വി സലിം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സിജു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. സുവിൻ, സെക്രട്ടറി രാഗേഷ് ഗോപിനാഥ്, ജനറൽ സെക്രട്ടറിമാരായ വി. വിമൽകുമാർ, ഡോ. സൂര്യകാന്ത്, ട്രഷറർ സിദ്ധിക്ക് ജലാൽ, എം പി വിനോദ് , അൽഡ്രിൻ ജോസഫ്, എം.എസ്. സന്ദീപ്, കെ. കൃഷ്ണകുമാർ, സുജീർ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

ഓരോ വിഭാഗത്തിലേയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ വിജയികളും വിഭാഗവും: സോളിറ്റ് ഓൾ ഡെൽറ്റ : ഡോ ടി.എസ്. സൂര്യകാന്ത്, കെ.പി. അക്ഷയ്, ജെ. രാഹുൽ. ഹാഫ് ബ്ലാക്ക് ഡെൽറ്റ : അഭിജിത്ത് , കെ.പി. അക്ഷയ് , സി.ജി. സനൽ തൃശൂർ. മോസൈക്ക് ഡെൽറ്റ : കെ പി അക്ഷയ് , എം.പി. വിനോദ്, അഭിജിത്ത്. ഗ്രാസ് ഡെൽറ്റ : ബാലാജി ചെന്നൈ , എം കെ ദിനേശ് പൊള്ളാച്ചി, സിദിക്ക് ജലാൽ. സ്‌നേക്ക് സ്‌കിൻ ഡെൽറ്റ : എം പി വിനോദ്, ഡോ. ടി എസ് സൂര്യകാന്ത് , മുഹമ്മദ് സഹദാലി. റിബൺ സോളോ : ഭാർഗവ് (ഗുജറാത്ത്) , എൻ എച്ച് നിഷ , കെ പി അക്ഷയ് . എ ഒ സി : ജ്യോതിനികേതൻ, എസ് ടോബിഷ് , കെ സി പ്രമോദ്.