വൈപ്പിൻ : ചെറായി 110 കെ.വി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ എസ്. ശർമ്മ എം.എൽ.എയ്ക്കും വൈദ്യുതി ബോർഡിലെ ബന്ധപ്പെട്ട ജീവനക്കാർക്കും കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയിൽ സ്വീകരണ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.

സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വലിയ തടസങ്ങൾ ഉണ്ടായപ്പോൾ പദ്ധതി യാഥാർത്ഥ്യമാക്കാൻ എം.എൽ.എ നിരന്തരം ഇടപെട്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശർമ്മ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് ചെറായി സബ് സ്റ്റേഷൻ നിർമ്മാണത്തിന് അനുമതി നൽകിയത്.

ഞാറക്കൽ സബ് സ്റ്റേഷനും 110 കെ.വിയായി ഉയർത്തും. ശിലാസ്ഥാപനം മാർച്ച് 2 ന് വൈദ്യുതി മന്ത്രി എം.എം മണി നിർവഹിക്കും. എടവനക്കാട് പുതിയ സെക്ഷൻ ഓഫീസ് തുറക്കുന്നതിനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്.

വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ആർ. ബാലകൃഷ്ണൻ , കോ ഓർഡിനേഷൻ കൺവീനർ കെ.എൻ. ശ്രീവത്സൻ, ടി.എസ്. ഷെനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.