sndp-paravoothra-manjali-
മാഞ്ഞാലി - പറവൂത്തറ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നവീകരിച്ച ശാഖാ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കുന്നു.

പറവൂർ : എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള ശ്രമം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ ഓരോ ശാഖായോഗം പ്രവർത്തകരും ആശയപരമായ ആയുധമണിയണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മാഞ്ഞാലി - പറവൂത്തറ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നവീകരിച്ച ശാഖാ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മൈക്രോ ഫിനാൻസിന്റേ പേരിൽ എസ്.എൻ.ഡി.പി യോഗത്തെ മാദ്ധ്യമങ്ങളടക്കം വളഞ്ഞിട്ട് അക്രമിക്കുകയാണ്. പാവപ്പെട്ട സമുദായാംഗങ്ങളിൽ സാമ്പത്തികഭദ്രത ഉണ്ടാക്കിയെടുത്തൊരു പദ്ധതിയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. ഏതെങ്കിലും യൂണിയനുകളിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നിയമനടപടിയെടുത്തിട്ടുണ്ട്. എന്നിട്ടും എസ്.എൻ.ഡി.പി യോഗത്തെയാണ് എല്ലാവരും ഉന്നംവെയ്ക്കുന്നത്. ഇത് ചെറുത്ത് തോൽപ്പിക്കുന്നതിന് എല്ലാ സമുദായംഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ഓഡിറ്റോറിയ സമർപ്പണസന്ദേശം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നൽകി. യോഗം ഡയറക്ടർ ബോർഡ് അംഗം ഇ.എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റും ശാഖാ ചെയർമാനുമായ ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസറും ശാഖാ വൈസ് ചെയർമാനുമായ ഡി. ബാബു, യൂണിയൻ കൗൺസിലറും ശാഖാ കൺവീനറുമായ ഡി. പ്രസന്നകുമാർ, ഡൽഹി യൂണിയൻ സെക്രട്ടറി കുട്ടപ്പൻ, ശാഖയിലെ കുടുംബയൂണിറ്റ് കൺവീനർമാരായ ബിജി ബേബി, ചിപ്പി പ്രവീൺ, സീന പ്രസാദ്, സുധ സുരേഷ്, കെ.എസ്. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഏകാത്മകം മോഹിനിയാട്ടം മെഗാ ഇവന്റിൽ പങ്കെടുത്ത അനുശ്രീ, ചിപ്പി എന്നിവരെയും ശാഖയിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു.