ആലുവ: കുംഭത്തിലെ അമാവാസിയും കഴിഞ്ഞതോടെ ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്ത് നിർമ്മിച്ച ബലിത്തറകളും ഷെഡുകളും പൊളിച്ചുതുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയായത്.
ദേവസ്വം ബോർഡിന് കീഴിൽ പെരിയാറിന്റെ തീരത്തിനോട് ചേർന്ന് സ്ഥാപിച്ച ബലിത്തറകളാണ് പൊളിച്ചുനീക്കുന്നത്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആരംഭിച്ച വ്യാപാരമേള തുടരുകയാണ്. പതിവിന് വിപരീതമായി ഇതര സംസ്ഥാന തൊഴിലാളികളും കുടുംബങ്ങളുമാണ് ഇന്നലെ കൂടുതലായി എത്തിയത്.
മാല മോഷണം പോയി
ആലുവ: ക്ഷേത്ര ദർശനത്തിനിടെ ആലുവ സ്വദേശിനിയുടെ സ്വർണമാല മോഷണം പോയി. ആലുവ മാർക്കറ്റ് റോഡിൽ താമസിക്കുന്ന രാമചന്ദ്രന്റെ മാതാവിൻെറ മാലയാണ് നഷ്ടമായത്. മൊബൈൽ നഷ്ടമായ സംഭവങ്ങളിൽ ഉടമസ്ഥർക്ക് തിരികെ നൽകാൻ സൈബർസെല്ലിൻെറ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മോഷണം പോയ മൊബൈൽ വീട്ടിൽ !
ആലുവ: മൊബൈൽ നഷ്ടപ്പെട്ടെന്ന് പരാതിയുമായി മണപ്പുറത്തെ കൺട്രോൾ റൂമിലെത്തിയ യുവാവിന്റെ ഫോൺ കണ്ടെത്തിയത് തൃശൂരിൽ. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോൺ വീട്ടിൽ നിന്നെടുക്കാൻ മറന്നുപോയതാണെന്ന് കണ്ടെത്തിയത്. ഫോൺ തൃശൂരിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് സൈബർ സെല്ലാണ് തിരിച്ചറിഞ്ഞത്. അപ്പോഴാണ് തനിക്ക് പറ്റിയ അമളി യുവാവും തിരിച്ചറിഞ്ഞത്.