കൊച്ചി: മൂവാറ്റുപുഴയിൽ ക്രിസ്ത്യൻ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമച്ച സംഭവത്തിൽ ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞാർ സ്വദേശിയായ ഇരുപത്തിനാലുകാരി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറി. ഒന്നര വർഷത്തെ പ്രലോഭനങ്ങൾക്കും പീഡനത്തിനുമിടയിൽ സ്ഥാപന ഉടമ യുവതിക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുകയും സഹോദരിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ക്രിസ്തുമതക്കാരിയായ യുവതി മതം മാറണമെന്നായിരുന്നു ആവശ്യം. 2010ൽ മറ്റൊരു സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ടൂർ ഏജൻസി ഉടമയായ പ്രതി. കേസെടുത്തതിനെ തുടർന്ന് പ്രതി ബംഗളൂരുവിലേക്കു കടന്നെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതിയെ രക്ഷിക്കുന്നതിന് പൊലീസിലെ ചിലർ ഒത്താശ നൽകുന്നതായും മുൻകൂർ ജാമ്യമെടുക്കുന്നതിനുള്ള സൗകര്യവും നൽകിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ 18ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടിക്കാൻ വൈകിയത് പൊലീസിനെതിരെ ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്. അതേസമയം, മൂവാറ്റുപുഴ പൊലീസിന്റെ ഒരു സംഘം പ്രതിയെ കണ്ടെത്താൻ ഉടൻ ബംഗളൂരിവിലേക്ക് തിരിക്കും.