students

ഫോർട്ടുകൊച്ചി: സി.ബി.എസ്.സി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണെന്ന് ചൂണ്ടികാട്ടി തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തോപ്പുംപടി മൂലംകുഴി അരുജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലാണ് സംഭവം. 29 വിദ്യാർത്ഥികളാണ് ഇക്കുറി പത്താം ക്ളാസ് പരീക്ഷ എഴുതാനായി ഫീസടച്ച് തയ്യാറായി നിന്നിരുന്നത്.

ഇന്നാണ് പരീക്ഷ ആരംഭിക്കുന്നത് .എന്നാൽ വെള്ളി ,ശനി ,ഞായർ അവധി ദിവസങ്ങളായിരിക്കെ ഹാൾ ടിക്കറ്റ് പ്രവർത്തന ദിവസമായ വ്യാഴാഴ്ച വൈകിട്ടു വരെ കിട്ടാതായതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് സ്‌കൂളിന് 9,10 ക്ലാസുകൾക്ക് അംഗീകാരമില്ലന്ന വസ്തുത പുറത്ത് വന്നത്. നേരത്തെ പത്താം ക്ലാസ് പരീക്ഷ മറ്റ് സ്‌കൂളിലെ സെന്ററുകളിൽ കൊണ്ടുപോയി എഴുതിക്കുകയായിരുന്നു.

ഇക്കുറി തങ്ങൾക്ക് 10വരെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും തങ്ങളുടെ കുട്ടികളുടെ രണ്ട് വർഷത്തെ ഭാവി സ്കൂൾ അധികൃതർ കളയുകയായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ്. വിഷയം കേന്ദ്രമന്ത്രി മുരളീധരന്റെ ശ്രദ്ധയിലും കൊണ്ടുവന്നിരിക്കുകയാണ്.