വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലുള്ളവർക്കായി എസ്. ശർമ്മ എം.എൽ.എ. എട്ടാം വർഷവും സംഘടിപ്പിച്ച ഏകദിന ജനകീയ ആശുപത്രിയിൽ (സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്) പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആയിരങ്ങളെത്തി. ആരോഗ്യവകുപ്പ് , കൊച്ചിൻ മെഡിക്കൽ കോളേജ്, അമൃത ആശുപത്രി, ദേശീയ ആരോഗ്യമിഷൻ, ജനറൽ ആശുപത്രി, സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി എന്നിവിടങ്ങളിലെ അഞ്ഞൂറോളം ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും സേവനത്തിനെത്തി. അലോപ്പതികൂടാതെ ആയുർവേദം, ഹോമിയോ വിഭാഗങ്ങളും ക്യാമ്പിലുണ്ടായിരുന്നു.
ത്രിതല പഞ്ചായത്തുകൾ, സഹകരണ ബാങ്കുകൾ, കുടുംബശ്രീ, ആശ, അങ്കണവാടി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ക്യാമ്പ് കോട്ടപ്പുറം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ. അനിത, ഡോ. ഇ.എ. സോണിയ, ഡോ. പീറ്റർ വാഴയിൽ ഡോ. മാത്യൂ നമ്പേലി, ഡോ. ജുനൈദ് റഹ്മാൻ, സിപ്പി പള്ളിപ്പുറം, ഡോ. കെ.എസ്. പുരുഷൻ, അയ്യമ്പിള്ളി ഭാസ്‌കരൻ, പി.കെ. രാധാകൃഷ്ണൻ, രജിത സജീവ്, ഡോ. എ.എം. ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.